ചേട്ടനെ അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ചേട്ടനെ അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സജിന്‍ പീറ്ററിനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തെ കുറിച്ച് ബന്ധു വിവരം നല്‍കിയതിലൂടെയാണ് സംഭവം പുറത്തുവന്നത്.

2018ലെ ഓഗസ്റ്റില്‍ ഓണസമയത്താണ് ഷാജി പീറ്ററെ കാണാതാവുന്നത്. ഷാജി പീറ്ററെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ ഇതുവരെ ബന്ധുക്കള്‍ ആരും തന്നെ പരാതിയൊന്നും നല്‍കിയിട്ടില്ല. കൊലപാതകവിവരം ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുടുംബവഴക്കിനിടെ അബദ്ധം പറ്റിയതാണെന്നാണ് സഹോദരനും അമ്മയും പൊലീസിന് മൊഴി നല്‍കിയത്. 

ഷാജി പീറ്റര്‍ അവിവാഹിതനാണ്. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം കുടുംബവീട്ടില്‍ എത്തിയ സഹോദരന്‍ ഷാജി പീറ്ററുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ സജിന്‍ പീറ്റര്‍ ചേട്ടന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൃതദേഹം അമ്മയും സജിന്‍ പീറ്ററും ചേര്‍ന്നാണ് കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. 

കാണാതായ ഷാജി പീറ്റര്‍ മലപ്പുറത്ത് ജോലിക്ക് പോയിരിക്കുകയാണെന്നാണ് ഇരുവരും നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ബന്ധു ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates