'ഉദ്ദേശിച്ചത് കശുമാങ്ങയില്‍ നിന്നുള്ള ഉല്‍പ്പാദനം; ആവശ്യപ്പെട്ടത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നിര്‍വചനം മാത്രം'

വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ചത് കശുമാങ്ങ പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മദ്യ ഉല്‍പ്പാദനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

m v govindan
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട്
Edited by :Dhanoj AM
Last Updated :26 ജൂൺ 2026, 11:25 am IST

ന്യൂഡല്‍ഹി: വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ചത് കശുമാങ്ങ പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മദ്യ ഉല്‍പ്പാദനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം എന്താണ് എന്ന് ഫലപ്രദമായി പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടണമെന്നാണ് താന്‍ അന്ന് ഫയലില്‍ എഴുതിയത്. നിര്‍വചനം വേണമെന്ന് പറയുമ്പോള്‍ എങ്ങനെയാണ് നികുതി കുറയ്ക്കണമെന്ന നിലപാടായി അതിനെ വ്യഖ്യാനിക്കാന്‍ കഴിയുക എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയോ, നികുതിയോ അന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കണമെന്ന് തന്നെയാണ് എല്‍ഡിഎഫ് നിലപാട്. എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് വില്‍ക്കണമെന്നല്ല ഉദ്ദേശിച്ചത്. ഇവിടെ ഉല്‍പ്പാദിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആലോചിച്ചത്. വിഷയം എല്‍ഡിഎഫ് ഗൗരവമായി ചര്‍ച്ച ചെയ്തു. അന്നത്തെ എക്‌സൈസ് മന്ത്രി എന്ന നിലയില്‍ ഞാന്‍ നേതൃത്വവുമായി ആലോചിച്ച് കേരളത്തില്‍ പാഴായി പോകുന്ന കശുമാങ്ങ ഉള്‍പ്പെടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് വീര്യംകുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ സുലഭമായി കിട്ടുന്ന കശുമാങ്ങ പ്രയോജനപ്പെടുത്താനാണ് തീരുമാനിച്ചത്. ഗോവയിലെ ഫെനി മാതൃകയില്‍ കശുമാങ്ങ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പാക്കാനാണ് തീരുമാനിച്ചത്. സഹകരണ മേഖലയില്‍ നിന്നുള്ള ആവശ്യം ഇതിനായി പരിഗണിച്ചു. വിലയിടിവ് നേരിടുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്ന് കരുതിയാണ് മുന്നോട്ടുപോയത്. വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനും വിതരണം ചെയ്യാനും ആലോചിക്കാന്‍ എല്‍ഡിഎഫും എക്‌സൈസും അന്ന് തീരുമാനിക്കുകയായിരുന്നു'- എം വി ഗോവിന്ദന്‍ പറഞ്ഞു.

'അങ്ങനെ തീരുമാനിക്കുമ്പോഴാണ് കത്ത് വരുന്നത്. എസ്ഡിഎഫ് ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള കമ്പനികളാണ് അപേക്ഷ നല്‍കിയത്. ഇതോടൊപ്പം സഹകരണമേഖലയില്‍ നിന്നടക്കമുള്ള കത്തുകള്‍ കൂടി ചേര്‍ത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം എന്താണ് എന്ന് ഫലപ്രദമായി പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടണമെന്നാണ് ഞാന്‍ എഴുതിയത്. നിര്‍വചനം വേണമെന്ന് പറയുമ്പോള്‍ എങ്ങനെയാണ് നികുതി കുറയ്ക്കണമെന്ന നിലപാടായി വ്യാഖ്യാനിക്കാന്‍ സാധിക്കുക. 2021ലാണ് ഫയലില്‍ ഞാന്‍ എഴുതിയത്. 2022ല്‍ വിഷയം സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ടു. അന്ന് ഞാനല്ല എക്‌സൈസ് മന്ത്രി. 2022ല്‍ തന്നെയാണ് സബ്‌ജെക്ട് കമ്മിറ്റി വിഷയം പരിശോധിക്കുന്നത്. കമ്മിറ്റിയില്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമുള്ള അംഗങ്ങള്‍ ഉണ്ടായിരുന്നു. സബ്‌ജെക്ട് കമ്മിറ്റി അംഗീകരിച്ചതിനെ തുടര്‍ന്ന് 2023ല്‍ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു. 2023ല്‍ ഫയലായെങ്കിലും എല്‍ഡിഎഫ് ഇതിന് മേല്‍ ഒരു നിലപാടും സ്വീകരിച്ചില്ല. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനെ സംബന്ധിച്ചോ, വില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന നികുതി കുറവിനെ സംബന്ധിച്ചോ ഒന്നും എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ല.' - എം വി ഗോവിന്ദന്‍ തുടര്‍ന്നു.

'മൂന്ന് വര്‍ഷവും അഞ്ചുമാസവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഫയലിന്മേല്‍ ഒരു തീരുമാനവും എടുത്തില്ല. എന്നാല്‍ വി ഡി സതീശന്‍ അധികാരമേറ്റ് മൂന്നാമത്തെ ദിവസം അദ്ദേഹത്തിന്റെ കൈയില്‍ ഫയല്‍ എത്തി. 24 ദിവസം കഴിഞ്ഞ് ബജറ്റ് അവതരിപ്പിക്കുന്നു. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുമ്പോള്‍ നിലവിലുള്ള നികുതിയില്‍ നിന്ന് വലിയ ഇളവ് നല്‍കി 120 ശതമാനത്തില്‍ എത്തിക്കുന്നു. ഖജനാവിന് ലഭിക്കുന്ന 600 കോടി രൂപ നഷ്ടപ്പെടുന്നു. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല.കോണ്‍ഗ്രസ് നേതൃത്വത്തോടും ചര്‍ച്ച ചെയ്തിട്ടില്ല. ഇവരോട് ആരോടും ചര്‍ച്ച ചെയ്യാതെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു കാര്യം ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ചത്. ഈ ചോദ്യത്തിന് ഉത്തരം പറയണം. വ്യക്തമായ താത്പര്യം അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്. പെട്ടെന്ന് ഫയല്‍ നീക്കം നടത്തി മൂന്നാം ദിവസം മുഖ്യമന്ത്രിയുടെ കൈയില്‍ കിട്ടി. 24 ദിവസം മുഖ്യമന്ത്രിയുടെ കൈയില്‍ ഉണ്ടായിരുന്നു ഫയല്‍. യുഡിഎഫുമായോ കോണ്‍ഗ്രസ് നേതൃത്വവുമായോ ചര്‍ച്ച നടത്താതെ, കൃത്യമായി ഇതിന് പിന്നിലുള്ള ഡീല്‍ അനുസരിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഫിനാന്‍സ് ബില്ല് കൂടി അംഗീകരിച്ച് കഴിഞ്ഞാല്‍ കോടതിയില്‍ പോയി കമ്പനികള്‍ക്ക് വാങ്ങാനുള്ള എല്ലാ സൗകര്യവും ഒരുക്കി. ഇത് മൂടിവെയ്ക്കാനാണ് ഞങ്ങള്‍ എന്തോ ചെയ്തു എന്ന തരത്തില്‍ കള്ളപ്രചാരവേല നടത്തുന്നത്.'- എം വി ഗോവിന്ദന്‍ പറഞ്ഞു.

News Now

Summary

MV Govindan's reaction on liquor policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates