'പ്രതിരോധത്തിന്‍റെ പ്രതീകം'- ചെറുതോണിയിൽ പുതിയ പാലം; നിർമാണം അവസാന ഘട്ടത്തിലെന്ന് മന്ത്രി

കേരളത്തിന്‍റെ പ്രതിരോധത്തിന്‍റെ പ്രതീകമായി ചെറുതോണി പാലം ഇന്നും അതുപോലെയുണ്ട്

ചെറുതോണിയിലെ പുതിയ പാലം/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:18 am IST
Edited by :migrator

തൊടുപുഴ: 2018ലെ പ്രളയ സമയത്ത് ഭീതിയിലാഴ്ത്തിയ ദൃശ്യങ്ങൾ കണ്ട ചെറുതോണിയിൽ പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇനിയും പ്രളയമുണ്ടായാൽ അത്തരമൊരു അവസ്ഥ ചെറുതോണിയിലുണ്ടാകാതിരിക്കാനാണ് പുതിയ പാലം നിർമിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 95 ശതമാനം പ്രവൃത്തിയും ഇതിനോടകം തന്നെ പൂര്‍ത്തിയായെന്നും ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറിച്ചു. 

Story image

കുറിപ്പ്

പ്രതിരോധത്തിന്‍റെ പ്രതീകമായ ചെറുതോണി പാലം.. 

2018 ലെ പ്രളയകാലത്ത് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ ദൃശ്യങ്ങളില്‍ ചെറുതോണി പാലം ഒരിക്കലും നമുക്ക് മറക്കാന്‍ കഴിയില്ല. കുത്തിയൊലിച്ച് വരുന്ന വെള്ളം ചെറുതോണി പാലത്തിന് മുകളിലൂടെ പോകുന്നതും ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ  കുഞ്ഞിനെയും എടുത്ത് കൊണ്ട് ഇതിനിടയിലൂടെ ജീവന്‍കയ്യില്‍പിടിച്ച് ഓടുന്നതും പ്രളയഭീകരതയുടെ മായാത്ത ദൃശ്യമാണ്. അന്നത്തെ പ്രളയത്തില്‍ 1960 ല്‍ പണിത ചെറുതോണി പാലത്തിന്  അപകടമൊന്നും  സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അപ്രോച്ച് റോഡുകള്‍ക്കും സംരക്ഷണ ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. 

കേരളത്തിന്‍റെ പ്രതിരോധത്തിന്‍റെ പ്രതീകമായി ചെറുതോണി പാലം ഇന്നും അതുപോലെയുണ്ട്.  

പ്രളയശേഷം 14 ദിവസം പാലം അടച്ചിട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. പാലം വീണ്ടും ഗതാഗതയോഗ്യമായി. എന്നാല്‍ ഇനിയും കേരളം ഇതുപോലുള്ള പ്രളയത്തെ നേരിടേണ്ടി വന്നേക്കാം.. അങ്ങനെയൊരു സാഹചര്യം വന്നാല്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പാലമല്ല നമുക്ക് വേണ്ടത്. പ്രത്യേകിച്ചും ചെറുതോണി അണക്കെട്ടിന് സമീപം  ഉയരമുള്ള ഒരു പാലം ആവശ്യമാണ്.

ഈയൊരു കാഴ്ചപ്പാടോടെ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പുതിയ പാലത്തിനുള്ള പ്രപ്പോസല്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുവദിച്ച 17.55 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പുതിയ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. 

പഴയ പാലത്തില്‍ നിന്നും എട്ട് മീറ്റര്‍ ഉയരത്തിലാണ് ചെറുതോണിയില്‍ പുതിയ പാലം പണിയുന്നത്. 95 ശതമാനം പ്രവൃത്തിയും ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now