
പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്

പാലക്കാട്: എവിടെയൊക്കെ ചിലര്‍ പാര്‍ട്ടിയുടെ ഉടമസ്ഥര്‍ ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെയാണ് തിരിച്ചടി നേരിട്ടതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. സംഘടനയില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിലൂടെ അതു കാണിക്കും. അതാണ് ഇപ്പോള്‍ കണ്ടതെന്ന് കൃഷ്ണദാസ് സമകാലിക മലയാളത്തോടു പറഞ്ഞു. പരിഭവങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളവരെയും ഒപ്പം നിര്‍ത്തിയതുകൊണ്ടാണ് യുഡിഎഫ് തരംഗത്തിനിടയിലും പാലക്കാട്ട് പാര്‍ട്ടിക്കു പിടിച്ചു നില്‍ക്കാനായതെന്ന് കൃഷ്ണദാസ് പറഞ്ഞു. അഭിമുഖത്തില്‍നിന്ന്:
സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ച സാഹചര്യത്തിലും പാലക്കാട് ജില്ലയില്‍ സിപിഎം താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇതെങ്ങനെ സാധിച്ചു?
രണ്ട് പ്രധാന കാരണങ്ങളാണ് കാണുന്നത്. ഒന്നാമതായി, ഈ ജില്ലയില്‍ ജനങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം നിന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആദ്യകാലം മുതല്‍ തന്നെ ശക്തമായ ബന്ധം ഇവര്‍ക്കുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ഇടതുപക്ഷം ഇന്നും ഉറച്ച നിലപാടായി തുടരുന്നു.
രണ്ടാമതായി, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം താരതമ്യേന മെച്ചപ്പെട്ട സംഘടനാ സംവിധാനത്തിലൂടെയാണ് ഇവിടെ മുന്നോട്ട് കൊണ്ടുപോയത്. ചില പ്രദേശങ്ങളില്‍ - പാര്‍ട്ടി ഉരുക്കുകോട്ടകള്‍ എന്നറിയപ്പെടുന്ന ചില പ്രധാന മണ്ഡലങ്ങളില്‍ - പാര്‍ട്ടിയോട് ഉണ്ടായിരുന്ന നീരസം തോല്‍വിക്ക് കാരണമായപ്പോള്‍, പാലക്കാട് ജില്ലയില്‍ അത്തരത്തിലുള്ള പരിഭവങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ നേതൃത്വത്തിന് സാധിച്ചു. മറ്റുള്ള ഇടങ്ങളില്‍ നീരസങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളവരെ വിശ്വാസത്തിലെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല എന്നുതന്നെ വേണം മനസ്സിലാക്കാന്‍.
ഈ പ്രതിസന്ധിയെ സിപിഎം എങ്ങനെ നേരിടും?
ഉത്തരം ലളിതമാണ്. പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങളിലേക്ക് മടങ്ങുക എന്നതാണ് മുന്നോട്ടുള്ള വഴി. ഒന്നാമതായി, പാര്‍ട്ടി ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നേതൃത്വത്തിനുണ്ടാവുക എന്നതാണ് വേണ്ടത്. പ്രശ്നങ്ങള്‍ താഴെത്തട്ടു മുതല്‍ ഉണ്ട്. ഞാന്‍ ഈ പാര്‍ട്ടിയുടെ മുതലാളി ആണെന്ന് ചിന്തിക്കുന്നവര്‍ ധാരാളം പേരുണ്ട്.
ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റിയില്‍ 82 പേരും ജില്ലാ കമ്മിറ്റിയില്‍ 42 പേരും ഏരിയ കമ്മിറ്റിയില്‍ 21 പേരുമാണ് ഉള്ളത്. ബാക്കിയുള്ളത് ലക്ഷോപലക്ഷം സാധാരണ പ്രവര്‍ത്തകരും ജനങ്ങളുമാണ്. അതുകൊണ്ട് തന്നെ നയിക്കുന്നവര്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം - അവര്‍ സ്ഥിരമായ അധികാരികളല്ല; പാര്‍ട്ടിയെ നയിക്കാന്‍ താല്‍ക്കാലികമായി ചുമതലപ്പെടുത്തപ്പെട്ടവരാണ്.
പാര്‍ട്ടി ജനങ്ങളുടേതാണ്, ഒരാളുടേയും സ്വകാര്യസ്വത്തല്ല. നേതൃത്വം വഹിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശമല്ല, സേവനബോധമാണ് വേണ്ടത്. ''ഞാന്‍ പാര്‍ട്ടിയുടെ ഉടമയല്ല, സേവകനാണ്'' എന്ന ബോധ്യം ഉണ്ടായാല്‍ മാത്രമേ ജനങ്ങളുടെ വിശ്വാസവും പിന്തുണയും നിലനില്‍ക്കൂ.
ഈ പാര്‍ട്ടി സ്ഥാപിച്ച തലമുറ ഇന്ന് ജീവിച്ചിരുപ്പില്ല. വിവിധ ഘട്ടങ്ങളില്‍ വിവിധ തലമുറകള്‍ വന്ന് ചേര്‍ന്നാണ് പാര്‍ട്ടി വളര്‍ന്നത്. ഇപ്പോഴുള്ളവരെല്ലാം ഈ പ്രസ്ഥാനത്തിന്റെ ഭാഗമായെത്തിയവരാണ്.
പാര്‍ട്ടി അനുഭാവികളും - പ്രവര്‍ത്തകര്‍ പോലും - സിപിഎമ്മിനെ കയ്യൊഴിഞ്ഞു. കണ്ണൂരും ആലപ്പുഴയും കോഴിക്കോട്ടും ഒക്കെ അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടു
ശരിയാണ്. മാറ്റം വന്നേ തീരൂ. ഒരുകാര്യം ഉറപ്പാണ്. പാര്‍ട്ടിയുടെ ഉടമസ്ഥന്മാര് ആവുകയാണ് ചിലര്‍; അങ്ങനെ ഉടമസ്ഥന്മാര് ആവാന്‍ ഇനി ഞങ്ങള്‍ സമ്മതിക്കില്ല. ഞാന്‍ കണ്ണൂരിനെയോ ആലപ്പുഴയെയോ ഒന്നും താരതമ്യം ചെയ്യുന്നില്ല, അവരെ കുറ്റം പറയുന്നുമില്ല. പക്ഷേ എവിടെയൊക്കെ ചില വ്യക്തികള്‍ പാര്‍ട്ടിയുടെ ഉടമസ്ഥന് ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെ പാര്‍ട്ടി തിരിച്ചടി നേരിട്ടു. പാര്‍ട്ടിക്ക് നല്ല അടിത്തറയുള്ളിടങ്ങളിലാണ് തോറ്റത്. ഞങ്ങള്‍ അത് പരിശോധിക്കും. പാര്‍ട്ടി ഒരു പ്രൈവറ്റ് കമ്പനി പോലെ, ഇന്‍സ്റ്റിറ്റിയൂഷണലൈസ് ചെയ്യപ്പെട്ടു എന്ന ആരോപണവും പരിശോധിക്കും. പാര്‍ട്ടിയെ ഒരു റെവല്യൂഷണറി മൂവ്മെന്റ് ആയി തന്നെ മുന്നോട്ടു കൊണ്ടുപോകും. ഒരു വിപ്ലവ പാര്‍ട്ടി ഒരിക്കലും ഒരു സ്വകാര്യ സ്ഥാപനം ആവരുതല്ലോ.
അംഗങ്ങള്‍ക്ക് പോലും പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്ന ആരോപണം ശക്തമാണ്.
അങ്ങനെ തോന്നിയിട്ടില്ല. എന്നാല്‍ ചിലയിടങ്ങളില്‍ അത്തരം പ്രവണതകള്‍ കാണാനും സാധ്യതയുണ്ട്. അത് നിരാകരിക്കുന്നില്ല. സംഘടനയില്‍ അവര്‍ക്ക് ശബ്ദമില്ലെങ്കില്‍, തിരഞ്ഞെടുപ്പില്‍ അവര്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തും. അതാണല്ലോ ഇപ്പോള്‍ കണ്ടത്. ഒരുകാര്യം ഉറപ്പാണ്. എല്ലാ ജനങ്ങള്‍ക്കും സ്വരമുയര്‍ത്താന്‍ അവസരമുള്ള ഒരു പ്രസ്ഥാനമായിരിക്കും സിപിഎം. മാറ്റങ്ങള്‍ക്കായുള്ള പ്രയത്നം ഉടനടി തുടങ്ങും. പാര്‍ട്ടി എന്നും ജനങ്ങള്‍ക്കൊപ്പം ആയിരിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
NN Krishnadas on electoral debacle of CPM. He alleges that some leaders acts as the owners of party.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഞങ്ങള്‍ക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടും, പാര്‍ട്ടിയുടെ സഹായം ചോദിക്കില്ല'; ഒളിയമ്പുമായി വിനോദിനി ബാലകൃഷ്ണന്

അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്‍വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

