സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

News Now


കൊച്ചി: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളിൽ യെല്ലോ അലേർട്ട്. തിങ്കളാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. 

മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കോമറിൻ ഭാഗത്തും  സമീപത്തുള്ള ശ്രീലങ്ക തീരത്തുമായാണ് ചക്രവാത ചുഴി നിലനിൽക്കുന്നത്. നാളെ ഇത് അറബിക്കടലിൽ പ്രവേശിച്ചേക്കും. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദവും രൂപപ്പെടാൻ സാധ്യത.