
പാലായില്‍ യുഡിഎഫ് ഭരണം പ്രതിസന്ധിയില്‍; കോണ്‍ഗ്രസും പുളിക്കക്കണ്ടം കുടുംബവും തമ്മിലുള്ള പോര് കടുക്കുന്നു
26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്

കോട്ടയം: അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള്‍ തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പുളിക്കക്കണ്ടം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ഭരണ മുന്നണിക്കുള്ളില്‍ പ്രതിസന്ധി ശക്തമായത്. സ്വതന്ത്ര കൗണ്‍സിലറായ ദിയ പുളിക്കക്കണ്ടം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. ഏതാനും ദിവസം മുമ്പ് തന്റെ വാച്ചും ഒരു ഫയലും ബിജു മാത്യൂസ് മോഷ്ടിച്ചെന്നാരോപിച്ചാണ് ദിയ പരാതി നല്‍കിയത്.
ഇതിന് ദിവസങ്ങള്‍ക്കുമുമ്പ് ബിജു മാത്യൂസ്, ദിയയുടെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടത്തിനെ ശാരീരികമായി ആക്രമിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്ന സാഹചര്യമാണുണ്ടായത്. അതേസമയം, ദിയ പുളിക്കക്കണ്ടം, ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരന് ബിജു പുളിക്കക്കണ്ടം എന്നിവരടങ്ങുന്ന സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ പാലയിലെ 'ടീം യുഡിഎഫ്' വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയതും മുന്നണിക്കുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും, മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരും, ഒരാള്‍ മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില്‍ അധികാരം പിടിച്ചത്.
എന്നാല്‍ അധികാരത്തിലെത്തിയതു മുതല്‍ തന്നെ സ്വതന്ത്ര അംഗങ്ങളുമായുള്ള സഹകരണം യുഡിഎഫിന് വെല്ലുവിളിയായി മാറിയിരുന്നു. തുടക്കത്തില്‍ തന്നെ ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും ആദ്യ രണ്ടര വര്‍ഷക്കാലത്തേക്ക് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കെപിസിസിയും യുഡിഎഫ് നേതൃത്വവും ഇടപെട്ട് താത്കാലിക ധാരണയിലെത്തുകയായിരുന്നു. അതനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനും, കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര്‍പേഴ്സണാക്കാനും തീരുമാനിച്ചു.
ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം. എന്നാല്‍ പിതാവും മകളും ഒരേസമയം ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന.
പരസ്പരം കേസുകളും പരാതികളും നല്‍കുകയും തര്‍ക്കങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായി നഗരസഭാ കൗണ്‍സില്‍ യോഗങ്ങള്‍ പോലും ചേരാന്‍ കഴിയാത്ത സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണപരമായ തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും തടസ്സങ്ങള്‍ നേരിടുന്നതായി സൂചനയുണ്ട്.
ഇതിനിടെ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി കൗണ്‍സിലിനുള്ളില്‍ പുതിയ ശക്തികേന്ദ്രം രൂപീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കെഡിപി പ്രതിനിധി, സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ എന്നിവരെ ഉള്‍പ്പെടുത്തി ഏഴംഗ ബ്ലോക്ക് രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വിവരം. ഭിന്നത കൂടുതല്‍ രൂക്ഷമായാല്‍ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ സ്ഥിരത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ശക്തമാകുന്നുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Pala UDF rule hangs in the balance as Congress, independents cross swords
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
'പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല; വിശദീകരിക്കാൻ ബാധ്യതയുണ്ട്': ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ എംഎൽഎ


