ജനുവരി ഒന്നുമുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് സൗജന്യയാത്ര

ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കും

പാലിയേക്കര ടോള്‍ പ്ലാസ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:35 am IST

കൊച്ചി:  ജനുവരി ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയൂവെന്ന് അധികൃതര്‍. ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.  ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കും.

തദ്ദേശവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവര്‍ത്തന രഹിതമാകും. അതിനാല്‍ നിലവില്‍ സ്മാര്‍ട് കാര്‍ഡ് കൈവശമുള്ള തദ്ദേശവാസികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം, അതേ വാഹനത്തിന്റെ സ്മാര്‍ട് കാര്‍ഡ്, ആര്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, പഞ്ചായത്തില്‍നിന്നുള്ള റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, നമ്പര്‍ വ്യക്തമാകുന്ന തരത്തിലുള്ള വാഹനത്തിന്റെ ഫോട്ടോ എന്നീ രേഖകളുമായി ടോള്‍ പ്ലാസയിലോ ടോള്‍ അധികൃതര്‍ പറയുന്ന സ്ഥലത്തോ എത്തിയാല്‍ അവര്‍ക്ക് നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് മാറ്റി ഫാസ് ടാഗ് ഒട്ടിച്ചുനല്‍കും. ഇതോടെ തദ്ദേശ വാസികള്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗജന്യയാത്ര ഫാസ്ടാഗിലൂടെ തുടര്‍ന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൗജന്യ യാത്രയുടെ തുക സംസ്ഥാന സര്‍ക്കാരാണ് കൈമാറേണ്ടതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012 ഫെബ്രുവരി മുതല്‍ 2020 സെപ്റ്റംബര്‍വരെ തദ്ദേശീയര്‍ക്ക് സൗജന്യ യാത്ര അനുവദിച്ച ഇനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള 125 കോടിരൂപ ജിഐപിഎല്ലിന് ഉടന്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now