
പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ തിരിമറി; തുറന്നടിച്ച് പിസി ജോർജ്; വിവാദമായതോടെ മലക്കംമറിച്ചിൽ
നാലരക്കോടിയുടെ കണക്ക് പുറത്തുവിട്ടാൽ പാർട്ടിക്ക് നാണക്കേടെന്ന് പ്രസംഗം; വിവാദമായതോടെ പിൻമാറ്റം, എരുമേലിയിൽ പറഞ്ഞത് തെറ്റിദ്ധരിപ്പിച്ചതിനാൽ, ക്ഷമ ചോദിക്കുന്നുവെന്നും പിസി

കോട്ടയം: പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടന്നെന്ന ആരോപണവുമായി മുൻ എംഎൽഎയും സ്ഥാനാർത്ഥിയുമായിരുന്ന പിസി ജോർജ് രംഗത്ത്. എരുമേലിയിൽ നടന്ന ബിജെപി നേതൃയോഗത്തിലാണ് സ്വന്തം പാർട്ടിക്കാരെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കി പിസി ജോർജ് പരസ്യമായി തുറന്നടിച്ചത്. പാർട്ടി അനുവദിച്ച നാലരക്കോടി രൂപ കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജി കുരിക്കാടാണെന്നും ഇതിന്റെ ചെലവ് കണക്കുകൾ പരിശോധിച്ചാൽ പാർട്ടി പ്രവർത്തകർക്ക് മുഴുവൻ വലിയ നാണക്കേടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ചെലവായ തുകയുടെ കണക്കിൽ ഉൾപ്പെട്ടിരുന്ന പലരെയും താൻ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പണം ലഭിച്ചതിനെക്കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ലെന്ന് ജോർജ് ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിൽ നാലരക്കോടി രൂപ പാർട്ടി ചെലവഴിച്ചിട്ടുണ്ടെന്നും നിങ്ങളിൽ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് തനിക്കറിയില്ലെന്നും ആ പണത്തിൽ നിന്ന് ആരെങ്കിലും എടുത്തോ, പാർട്ടിക്കുവേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് ബന്ധപ്പെട്ടവർ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ലെന്നും മുഴുവൻ തുകയും സജി കുരിക്കാടിനെയാണ് ഏൽപ്പിച്ചതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം 4.45 കോടി രൂപ ചെലവായെന്ന കണക്കാണ് തന്നതെന്നും ആ കണക്ക് പുറത്തു കാണിച്ചാൽ പാർട്ടിക്ക് നാണക്കേടാകുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
ഒരു ബൂത്തിൽ 31,000 രൂപ വീതം നൽകാൻ ശക്തമായ നിർദ്ദേശമുണ്ടായിരുന്നിട്ടും ആ പണം താഴെത്തട്ടിൽ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ മൂവായിരം വോട്ട് ലീഡ് നേടിയിരുന്ന ഒരു പഞ്ചായത്തിലെ ബൂത്തിൽ 50-ൽ താഴെ വോട്ട് കണ്ടപ്പോൾ ബൂത്ത് പ്രസിഡന്റിനെ വിളിപ്പിച്ചു ചോദിച്ചെന്നും 31,000 രൂപ കിട്ടിയിട്ടില്ലെന്നാണ് അയാൾ പറഞ്ഞതെന്നും ജോർജ് വെളിപ്പെടുത്തി. പണം കൊടുക്കാൻ ചുമതലപ്പെടുത്തിയ ആളോട് ചോദിച്ചപ്പോൾ മറന്നുപോയെന്നാണ് പറഞ്ഞത്. 33 വർഷം എംഎൽഎ ആയിരുന്നിട്ടും താൻ ആരോടും അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്നും അഴിമതിയില്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നും പറഞ്ഞ ജോർജ്, പാർട്ടി ഫണ്ട് മോഷ്ടിച്ച് പലരും പുതിയ കാറുകൾ വാങ്ങുന്നുണ്ടെന്നും ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കുമെന്നും മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടില്ലെന്നും മുന്നറിയിപ്പ് നൽകി.
പ്രസംഗത്തിന്റെ വിവരങ്ങൾ പുറത്തുവരികയും പാർട്ടിക്ക്രാഷ്ട്രീയ തിരിച്ചടിയാവുകയും ചെയ്തതോടെ സ്വന്തം വാക്കുകൾ പൂർണ്ണമായും തള്ളിപ്പറഞ്ഞ് പിസി ജോർജ് രംഗത്തെത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും താൻ ആരോടും വാങ്ങിയിട്ടുമില്ല കൊടുത്തിട്ടുമില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ചില കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയതെന്നും തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി തനിക്ക് ഔദ്യോഗികമായി കണക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. നാലരക്കോടി എന്നത് തെറ്റായ കണക്കാണെന്നും ഒരു കാരണവശാലും ആ രീതിയിൽ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും പച്ചക്കള്ളമാണെന്നും പറഞ്ഞ ജോർജ്, സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണെന്നും ആരോടും ഒരു പണം പോലും വാങ്ങാത്ത അയാൾ അത്തരം അഴിമതികൾ ചെയ്യില്ലെന്നും വിശദീകരിച്ചു.
WHAT TO READ NEXT

'അത്തം പത്തോണ'മല്ല; ഇത്തവണ തിരുവോണം 11-ാം ദിവസം
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Senior politician P.C. George sparked a major political storm within the BJP by publicly alleging financial irregularities in the election funds allocated for the Poonjar constituency during an internal party meeting in Erumely.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






