ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമായി, പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു; ഹര്‍ഷാരവത്തോടെ വരവേറ്റ് കെഎസ്ആര്‍ടിസി സര്‍വീസ്

ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

perumbalam bridge inaugurated by chief minister pinarayi vijayan
പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചുഫെയ്സ്ബുക്ക്
Edited by :dhanojam
Last Updated :7 മാർച്ച് 2026, 2:38 pm IST

ആലപ്പുഴ: ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. പതിനായിരത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്, കിഫ്ബി അനുവദിച്ച നൂറ് കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിച്ചത്.

ഇതിനൊപ്പം സെമി എലിവേറ്റഡ് പാതയായി പുനര്‍നിര്‍മിച്ച ആലപ്പുഴ -ചങ്ങനാശേരി റോഡ് (എസി റോഡ്), സവിശേഷ രൂപകല്‍പ്പനയിലൂടെ ശ്രദ്ധയാകര്‍ഷിച്ച പടഹാരം പാലം എന്നിവയും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടര്‍ന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. തലമുറകള്‍ കണ്ടൊരു സ്വപ്നമാണ് ഇന്ന് പെരുമ്പളം നിവാസികള്‍ക്ക് യാഥാര്‍ഥ്യമായത്. ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്തുനിന്ന് വടുതലയിലേക്കാണ് പാലം നിര്‍മ്മിച്ചത്. ബോട്ടിന്റെ സമയക്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ദ്വീപ് നിവാസികളുടെ ജീവിതം. 13 ബോട്ടുജെട്ടികളാണ് ദ്വീപിന് ചുറ്റുമായിയുള്ളത്. വാഹനങ്ങള്‍ എത്തിക്കാന്‍ ജങ്കാറുകളുമുണ്ട്. എറണാകുളം ജില്ലയിലെ പൂത്തോട്ട, ആലപ്പുഴ ജില്ലയിലെ പാണാവള്ളി എന്നിവിടങ്ങളില്‍നിന്ന് അരമണിക്കൂര്‍ ഇടവിട്ടാണ് ബോട്ട് സര്‍വീസുകള്‍. രാത്രി 9.45നാണ് പൂത്തോട്ടയില്‍നിന്നും പാണാവള്ളിയില്‍നിന്നും പെരുമ്പളത്തേക്കുള്ള അവസാന ബോട്ട്. മഴക്കാലമായാല്‍ ഇളകിമറിയുന്ന കായലില്‍ ജീവനും കൈയില്‍പ്പിടിച്ച് വേണം യാത്ര. ദ്വീപിനുള്ളിലെ പ്രധാന ഗതാഗതമാര്‍ഗം ഓട്ടോറിക്ഷകളാണ്.ഇവിടത്തെ ജെട്ടികളില്‍ നിര്‍ത്തിയിടുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളായിരുന്നു രാത്രിയില്‍ എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ ആശ്രയം.

ആരവങ്ങളോടെയാണ് ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. തുടര്‍ന്ന് ഔപചാരിക ഉദ്ഘാടന ചടങ്ങ് നടന്നു. പെരുമ്പളത്തെ നാട്ടുകാരുടെ ചിരകാല അഭിലാഷം സഫലമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ അതിനെ ഏറ്റെടുത്തത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയമുള്ള പാലമാണ് പെരുമ്പളത്ത് നിര്‍മിച്ചിരിക്കുന്നത്. മധ്യഭാഗത്ത് മഴവില്‍ നിറത്തില്‍ മൂന്ന് ബോ സ്ട്രിംഗ് ആര്‍ച്ചുകളും പാലത്തിന്റെ പ്രത്യേകതയാണ്. ഇവിടെ 12 മീറ്ററാണ് പാലത്തിന്റെ വീതി. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം നിര്‍മിച്ചത്.

News Now

Summary

perumbalam bridge inaugurated by chief minister pinarayi vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates