അദാനിയുടെ കത്തില്‍ എന്തു നടപടിയെടുത്തു?; നിയമോപദേശം തേടിയിട്ടുണ്ടോ?; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും പിണറായി പറയുന്നു

pinarayi vijayan
പിണറായി വിജയന്‍ സ്ക്രീൻ‌ഷോട്ട്
Edited by :Sujith
Last Updated :8 ജൂലൈ 2026, 4:29 pm IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അദാനിയുടെ കത്തില്‍ സര്‍ക്കാര്‍ എന്തുനടപടിയെടുത്തെന്ന് ചോദിച്ച് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തില്‍ ചോദിക്കുന്നു.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും പിണറായി പറയുന്നു. സര്‍ക്കാരിന് അദാനി കമ്പനി നല്‍കിയ കത്തിന്‍മേല്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും തുടര്‍നടപടികള്‍ അറിയിക്കണമെന്നും പിണറായി കത്തില്‍ പറയുന്നു.

ഓഹരി കൈമാറ്റത്തിനായി സെബിക്ക് അദാനി ഗ്രൂപ്പ് കത്തുനല്‍കിയ കാര്യം പുറത്തുവന്നിട്ടും സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ മടിച്ച് നില്‍ക്കുകയാണെന്ന് നേരത്തെ പിണറായി ആരോപിച്ചിരുന്നു. ഓഹരി കൈമാറ്റം സംബന്ധിച്ച് സെബി തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാന്‍ അവസരം നല്‍കാതെ സര്‍ക്കാരുമായുള്ള കരാറില്‍ ഓഹരി കൈമാറ്റത്തിന് മുന്‍കൂര്‍ അനുമതി ലഭ്യമാക്കാത്തതും കമ്പനി നടത്തിയ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമല്ലാത്തതും ഉടന്‍ തന്നെ അറിയിക്കേണ്ടതായിരുന്നു. ഈ വീഴ്ച്ച മൂലം കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകരുത്. ഇതിലുള്‍പ്പെട്ട ഗൗരവതരമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ നടപടി സ്വീകരിക്കാന്‍ പിണറായി വിജയന്‍ സെബിക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഒത്തുകളികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും.സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷന്‍സ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയില്‍ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നും മറ്റ് മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 2015 പ്രകാരം ഓഹരി കൈമാറ്റം സുതാര്യമായിരിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ പ്രസക്ത കാര്യങ്ങളും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ സെബി അധികാരികള്‍ക്ക് മുമ്പാകെ സുതാര്യമായി കാര്യങ്ങള്‍ അറിയിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പിട്ട കരാറിലെ ക്ലോസ് 5.3.1 പ്രകാരം ഉടമസ്ഥാവകാശം മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിബന്ധന. ഓഹരി കൈമാറുന്ന കാര്യത്തിലും സമാനമായ നിയന്ത്രണമുണ്ട്. ഒറ്റയ്‌ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളില്‍ ആര്‍ക്കെങ്കിലും ഓഹരി കൈമാറുന്നതിനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ അദാനി ഗ്രൂപ്പിന് ഉടമസ്ഥാവകാശം മൊത്തത്തിലോ ഓഹരി കൈമാറ്റത്തിലോ കൈമാറാന്‍ കഴിയില്ലെന്നാണ് ക്ലോസ് 5.3-ലും പറയുന്നത്. എന്നാല്‍, സെബിയെ ഓഹരി കൈമാറ്റം സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതായി അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്ന സ്ഥിതി ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടുക എന്നത് കേവലമായ ഒരു സാങ്കേതികതയല്ല. ഇത്തരമൊരു കൈമാറ്റത്തിന്റെ ആവശ്യകത തന്നെ പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്. ഇതു കൂടാതെ, 2015 ലെ സെബി റെഗുലേഷന്‍ 30 പ്രകാരവും അനുബന്ധ സര്‍ക്കുലര്‍ പ്രകാരവും അദാനി ഗ്രൂപ്പ് സെബിക്ക് നല്‍കിയ അപേക്ഷ, മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. മാത്രമല്ല, ഇത് കൃത്യവും സുതാര്യവുമായ വെളിപ്പെടുത്തലല്ല. ദേശീയ സുരക്ഷയും പൊതു താല്‍പ്പര്യവും പാലിച്ചുകൊണ്ട് മാത്രമേ അനുമതി നല്‍കാവൂ എന്നും കരാറിലുണ്ട്. ഇക്കാര്യങ്ങളും പിണറായി സെബിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

News Now

Summary

Pinarayi Vijayan sends a letter to the Chief Minister regarding the Vizhinjam share transfer"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates