മാവേലി എക്‌സ്പ്രസിലെ മര്‍ദനം; യാത്രക്കാരനെ തിരിച്ചറിഞ്ഞു, ക്രിമിനല്‍ കേസ് പ്രതിയെന്ന് പൊലീസ്

ഇയാളുടെ പേരില്‍ നിലവില്‍ മൂന്ന് കേസുകളുണ്ട്. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്

യാത്രക്കാരനെ മര്‍ദിക്കുന്ന പൊലീസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST


കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ പൊലീസിന്റെ മര്‍ദനത്തിന് ഇരയായ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന്‍ ഷമീര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിലവില്‍ മൂന്ന് കേസുകളുണ്ട്. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 

സിസിടി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. അന്‍പതുകാരനായ ഷമീര്‍ ഇരിക്കൂരിലാണ് നിലവില്‍ താമസിക്കുന്നത്. 

ഇയാള്‍ മദ്യപിച്ചാണ് യാത്രചെയ്തതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാളെ മര്‍ദിച്ച എഎസ്‌ഐ എംസി പ്രമോദിനെ സസ്‌പെന്റ് ചെയ്തിരുന്നു.  ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ചപറ്റിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എഎസ്‌ഐ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടത്. ട്രെയിനില്‍ നിന്ന് ഇറക്കുമ്പോള്‍ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ടിടിഇ കുഞ്ഞഹമ്മദ് റെയില്‍വെയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. . മദ്യപന്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ടിടിഇ റിപ്പോര്‍ട്ട് നല്‍കി. വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനെ, സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കയ്യിലുള്ള ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട പൊലീസ്, യാത്രക്കാരന്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം വടകര സ്‌റ്റേഷനില്‍ ഇറക്കിവിട്ടു. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now