നിതിൻ രാജിൻ്റെ മരണം: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്ന് എഫ്‌ഐആര്‍

ആപ്പില്‍ നിന്ന് 15,000 രൂപയാണ് നിതിന്‍ ലോണ്‍ എടുത്തത്

Nithin Raj
Nithin Raj
Edited by :jayakumarna
Last Updated :17 ഏപ്രിൽ 2026, 10:37 am IST

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വർഷ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്‌ഐആറിലുണ്ട്.

ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കി. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

ആപ്പില്‍ നിന്ന് 15,000 രൂപയാണ് നിതിന്‍ ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിടിഎ യോഗം വിളിക്കാനും യോഗത്തില്‍ ധാരണയായി.

തിങ്കളാഴ്ച മുതല്‍ ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു. ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു. നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പിന് ബന്ധമുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

News Now

Summary

Police register case against loan app in Nithin Raj's suicide case. Chakkarakkal police have registered a case against the app Insta Pay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates