വാഹനത്തിന്റെ രഹസ്യ അറയിൽ 1.44 കോടി രൂപ; ഹവാല പണം കടത്ത്; തിരുനെല്ലിയിൽ 3 പേർ പിടിയിൽ

തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്

Hawala Cash
Hawala Cash
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :31 ഓഗസ്റ്റ് 2026, 7:39 pm IST

കൽപ്പറ്റ: കർണാടകയിൽ നിന്ന് വാഹനത്തിൽ കടത്തുകയായിരുന്ന 1.44 കോടി രൂപയുടെ ഹവാല പണം തിരുനെല്ലി പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ തിരുനെല്ലി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശി പ്രഭുരാജ് (20), കണ്ണൂർ പാനൂർ സ്വദേശി സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകീട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കർണാടകയിൽ നിന്ന് എത്തിയ കെഎ 13 ഇസഡ് 9121 നമ്പർ വാഹനം പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് താഴെ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് 1,44,50,000 രൂപ കണ്ടെത്തിയത്.

പണം ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന് തലശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് തിരുനെല്ലി എസ്‌എച്ഒ എംസി പവനൻ പറഞ്ഞു. കണ്ണൂരിൽ സ്വർണ വ്യാപാരം നടത്തുന്നവരാണെന്നും സ്വർണം വിറ്റതിനു ശേഷം ലഭിച്ച പണമാണ് ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതെന്നുമാണ് പ്രതികൾ മൊഴി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. കണ്ണൂരിൽ സ്വർണ വ്യാപാരമുണ്ടെന്നും സ്വർണം വിറ്റതിന് ശേഷം ലഭിച്ച പണമാണ് ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതെന്നുമാണ് പ്രതികൾ പറഞ്ഞത്. കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ മൊഴി പരിശോധിച്ചപ്പോൾ ശരിയാണെന്നാണ് പ്രാഥമികമായി ബോധ്യപ്പെട്ടത്. എന്നാൽ പണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അതിനാൽ പണം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കും- എസ്എച്ഒ വ്യക്തമാക്കി.

സർക്കിൾ ഇൻസ്പെക്ടർ ടി എം നിധീഷ്, തിരുനെല്ലി സ്റ്റേഷൻ എസ്‌എച്ഒ എംസി പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജലീൽ, ബിജു, അഷ്റഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിതിൻ, അഷ്റഫ്, ഡിജേഷ് ജോബ്സ്, മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

News Now

Summary

₹1.44 Crore Hawala Cash Hidden in Vehicle's Secret Compartment: 3 Arrested in Thirunelly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates