'നടന്ന തീയതിയോ സമയമോ അറിയില്ല'; ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ രേഖകള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പൊലീസ്

1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തില്‍ തെരഞ്ഞെടുപ്പു രേഖകള്‍ ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനു പൊലീസ് കത്തു നല്‍കും

G Sudhakaran
ജി സുധാകരന്‍Source by : ഫയൽ
Last Updated :18 May 2025, 8:25 am IST

ആലപ്പുഴ: 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തില്‍ തെരഞ്ഞെടുപ്പു രേഖകള്‍ ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനു പൊലീസ് കത്തു നല്‍കും. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണിത്. രേഖകള്‍ കിട്ടിയ ശേഷമേ സുധാകരന്റെയും അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടെയും മറ്റും മൊഴിയെടുക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പൊലീസ് അന്വേഷണത്തിന്റെ പുരോഗതി യഥാസമയം അറിയിക്കണമെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കേസെടുത്ത വിവരം കലക്ടര്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെ അറിയിച്ചിരുന്നു. അതേസമയം, 36 വര്‍ഷം മുന്‍പു നടന്നതായി പറയുന്ന സംഭവത്തെപ്പറ്റിയുള്ള അന്വേഷണം അത്ര എളുപ്പമല്ലെന്നാണു പൊലീസ് പറയുന്നത്.

സംഭവം നടന്ന തീയതിയോ സമയമോ അറിയില്ല. അന്നത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആരെന്നോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നും വ്യക്തമല്ല. അന്നത്തെ തെരഞ്ഞെടുപ്പു രേഖകളെല്ലാം നശിപ്പിച്ചിട്ടുണ്ടാകും എന്നതും അന്വേഷണത്തിനു തടസ്സം സൃഷ്ടിക്കുന്നു. സുധാകരന്‍ ഇതു പിന്നീടു മാറ്റിപ്പറഞ്ഞതിനാല്‍ കേസ് കൂടുതല്‍ ദുര്‍ബലമാകുമെന്നു നിയമവിദഗ്ധര്‍ പറഞ്ഞിട്ടുമുണ്ട്.

സുധാകരന്റെ പരാമര്‍ശത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. കേസെടുപ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ക്കു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കലക്ടറുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now