തെറ്റു ചെയ്തവര്‍ ആരാണെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു

മന്ത്രി രാധാകൃഷ്ണന്‍ ചടങ്ങില്‍ പ്രസംഗിക്കുന്നു / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

തിരുവനന്തപുരം : പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെ ഭീഷണി ഉണ്ടായെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി ഡയറക്ടറേറ്റില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഫീസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

''തെറ്റിന് കൂട്ടുനില്‍ക്കില്ലെന്ന് മനസ്സിലായപ്പോള്‍, തെറ്റു ചെയ്യുന്ന ആളുകള്‍ക്ക് ദീര്‍ഘവീക്ഷണമുണ്ട്, എന്റെ ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്ന സ്ഥിതിയുണ്ടായി, ഭീഷണിപ്പെടുത്തി. അങ്ങനെയുള്ള ഭീഷണിക്കൊന്നും നമ്മളാരും വശംവദരാകാന്‍ പാടില്ല''.  മന്ത്രി ചടങ്ങില്‍ പറഞ്ഞു.  

തെറ്റു ചെയ്തവര്‍ ആരാണെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്നും, അഴിമതിക്കാരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. പിന്നോക്കവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനാണ് വകുപ്പ്. ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കണം. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് യാതൊരു പരിഗണനയുമുണ്ടാകില്ല. മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. കയ്യിട്ടു വാരുന്ന മാനസികാസ്ഥയുള്ളവരെ അത്തരത്തില്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു. 

മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവിന് അടക്കം പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് അല്ല, ആരായാലും തട്ടിപ്പില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഫണ്ട് തിരിമറി ഒളിച്ചുവക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates