എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

ഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കാറിലെത്തിയ സംഘം പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കൊല നടത്തിയത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:52 am IST

കൊച്ചി; എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ച് ഇന്നലെ ഏഴരയോടെയാണ് സംഭവമുണ്ടായത്. ഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കാറിൽ നിന്ന് പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കൊല നടത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം.

പിന്നിൽ ആർഎസ്എസ്

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു.

ശരീരത്തിൽ നാൽപതോളം വേട്ടുകൾ

മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

പൊന്നാട് സ്വദേശിയില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാന്റെ കൈകാലുകള്‍ക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. കാറിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now