ശിവശങ്കറിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല, ഇഡിയുടെ ആവശ്യം തള്ളി

ശിവശങ്കറിന്റെ ജാമ്യത്തിന് സ്റ്റേ ഇല്ല, ഇഡിയുടെ ആവശ്യം തള്ളി

ശിവശങ്കര്‍/ഫയല്‍
Last Updated :20 January 2024, 8:41 am IST

ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും. ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണെന്ന ഇഡിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നല്‍കിയ അപ്പീല്‍ ആറാഴ്ചയ്ക്കു ശേഷം സുപ്രിം കോടതി പരിഗണിക്കും.

ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റല്‍ ജനറല്‍ എസ് വി രാജു വാദിച്ചു. ശിവശങ്കറില്‍നിന്നു കണ്ടെടുത്ത പണം ഒരു കോടിയില്‍ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളി. ശിവശങ്കര്‍ അസുഖം അനുവദിക്കുകയാണെന്നും സ്വര്‍ണക്കടത്തിലെ ആകെ തുക ഒരു കോടിയില്‍ കൂടുതലാണെന്നുമുള്ള ഇഡി വാദം കോടതി പരിഗണിച്ചില്ല. 

ശിവശങ്കറിനെതിരായ ആരോപണം എന്താണെന്ന് വാദത്തിനിടെ ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ഇരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനായി ഗൂഢാലോചന നടത്തിയെന്ന് എഎസ്ജി പറഞ്ഞു. പണം ലോക്കറില്‍ വച്ചത് ശിവശങ്കര്‍ ആണെന്ന് എഎസ്ജി ചൂണ്ടിക്കാട്ടി. സ്വര്‍ണം കടത്തിയത് മറ്റാരോ ആണ്. അദ്ദേഹത്തിന് ഇതില്‍ പങ്കില്ല- കോടതി പ്രതികരിച്ചു.

സ്വര്‍ണക്കടത്തിനു ഗൂഢാലോചന നടത്തിയില്‍ ശിവശങ്കര്‍ ഉണ്ടെന്ന് ഇഡി വാദിച്ചു. സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ഇഡി പറഞ്ഞു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചില്ലെന്നാണ് പറയുന്നതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. 

ശിവശങ്കറിനു നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇതു പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now