സില്‍വര്‍ ലൈന്‍ ഏറ്റവും മോശം പദ്ധതി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും; കേരളത്തെ പിളര്‍ക്കുമെന്ന് ഇ ശ്രീധരന്‍

കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കടമുഷ്ടി കാണിക്കുന്നതായി മെട്രോമാന്‍ ഇ ശ്രീധരന്‍

ഇ ശ്രീധരന്‍ മാധ്യമങ്ങളോട്
Last Updated :20 January 2024, 8:59 am IST
Edited by :migrator

തൃശൂര്‍: കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കടമുഷ്ടി കാണിക്കുന്നതായി മെട്രോമാന്‍ ഇ ശ്രീധരന്‍. ആ സീറ്റില്‍ ഇരിക്കുന്ന ആള്‍ക്ക് ഒരിക്കലും മര്‍ക്കടമുഷ്ടി പാടില്ല. സ്ത്രീകളെയും കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും പൊലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിക്കുന്നതും തെറ്റായ കാര്യമാണെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയിലിനെതിരെ തൃശൂര്‍ കുന്ദംകുളത്ത് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇ ശ്രീധരന്‍.

സില്‍വര്‍ ലൈന്‍ ഏറ്റവും മോശമായ പദ്ധതിയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന പദ്ധതിയാണിത്. അതിര്‍ത്തി മതിലുകള്‍ കേരളത്തെ പിളര്‍ക്കും. കെ റെയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് സാമൂഹികാഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലിടലിന്റെ ആവശ്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി ശ്രീധരന്‍ സമ്മതിച്ചു. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കും. എങ്ങനെ പിശകുവന്നെന്ന് വ്യക്തമല്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
 

News Now