എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം

പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക

sslc exam result
sslc exam resultഫയല്‍
Edited by :jayakumarna
Last Updated :15 മേയ് 2026, 7:13 am IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്.

കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്ച തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെ ത്തുടർന്നായിരുന്നു, ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന് ഫലപ്രഖ്യാപനത്തിന് പുതിയ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു.

ഫല പ്രഖ്യാപനം 15 ന് തന്നെ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ്‌ മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഫലം അറിയാം

www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.

വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന 'Result Analysis' സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

News Now

Summary

SSLC exam results to be announced today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates