എന്താണ് വ്യവസായം?; സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നു, മാര്‍ച്ച് 17 മുതല്‍ വാദം

1947 ലെ വ്യാവസായിക തര്‍ക്ക നിയമപ്രകാരം 'വ്യവസായം' എന്ന വാക്കിന്റെ നിര്‍വചനമാണ് കോടതി പരിശോധിക്കുന്നത്

SC Constitution bench to commence hearing on definition of word 'industry' from March 17
SC Constitution bench to commence hearing on definition of word 'industry' from March 17
Edited by :എന്‍ പി അനൂപ്
Last Updated :16 ഫെബ്രുവരി 2026, 1:07 pm IST

ന്യൂഡല്‍ഹി: 'വ്യവസായം' എന്ന വാക്കിന്റെ നിര്‍വചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് മാര്‍ച്ച് 17 മുതല്‍ വാദം കേള്‍ക്കും. 1947 ലെ വ്യാവസായിക തര്‍ക്ക നിയമപ്രകാരം 'വ്യവസായം' എന്ന വാക്കിന്റെ നിര്‍വചനമാണ് കോടതി പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കും.

വിഷയത്തില്‍ ഹര്‍ജിക്കാരുള്‍പ്പെടെയുള്ള കക്ഷികള്‍ നിലപാട് ഫെബ്രുവരി 28ന് മുന്‍ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ എന്നിവ വ്യാവസായിക തര്‍ക്ക നിയമത്തിന് കീഴില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങളായി കണക്കാക്കാമോ എന്നതുള്‍പ്പെടെയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. ബാംഗ്ലൂര്‍ ജലവിതരണ കേസില്‍ ജസ്റ്റിസ് വി. കൃഷ്ണയ്യരുടെ വിധിയിലെ പരാമര്‍മശവും പരിശോധിക്കപ്പെടും. 1982 ലെ വ്യാവസായിക തര്‍ക്ക ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും വ്യവസായ കോഡ് 'വ്യവസായം' എന്ന പദപ്രയോഗത്തില്‍ എന്തെങ്കിലും നിയമപരമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1947-ലെ വ്യാവസായിക തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 2(ജെ)-ല്‍ 'വ്യവസായം' എന്ന വാക്കിന്റെ നിര്‍വചനത്തിന്റെ വ്യാഖ്യാനത്തെക്കുറിച്ചുള്ള പരിശോധന സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉയര്‍ന്ന ബെഞ്ചിലേക്ക് റഫര്‍ ചെയ്തിരുന്നു. 1996 ലും 2001 ലും വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളില്‍ 'വ്യക്തമായ ഭിന്നത' മൂന്നംഗ ബെഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിഷയം അഞ്ചംഗ ബെഞ്ചിലേക്ക് എത്തിയത്. 1996 ലെ വിധിന്യായത്തില്‍ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് 1978 ലെ ഏഴ് ജഡ്ജിമാരുടെ ബെഞ്ച് വിധിന്യായത്തെ ആശ്രയിക്കുകയും സാമൂഹിക വനവല്‍ക്കരണ വകുപ്പ് 'വ്യവസായം' എന്നതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2001-ല്‍, സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഈ വിഷയത്തില്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് വിഷയം അഞ്ചംഗ ബെഞ്ചിലേക്ക് എത്തിയത്.

News Now

Summary

SC Constitution bench to commence hearing on definition of word 'industry' from March 17 .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates