പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും സിപിഎം ആലോചിക്കുന്നുണ്ട്

വി എന്‍ വാസവന്‍, സുരേഷ് കുറുപ്പ്, ജെയ്ക് സി തോമസ് / ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

കോട്ടയം : കോട്ടയത്ത് സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ യുവ നേതാവ് ജെയ്ക് സി തോമസിനെയും കര്‍ഷക സംഘം നേതാവ് കെ എം രാധാകൃഷ്ണനെയുമാണ് പരിഗണിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവും സംബന്ധിച്ചു. 

ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് പുറമെ, ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, അഡ്വ. കെ അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോട്ടയം മണ്ഡലത്തില്‍ ജെയ്ക് സി തോമസ്, അഡ്വ. കെ അനില്‍കുമാര്‍, ടി ആര്‍ രഘുനാഥന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. 

പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും സിപിഎം ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സിപിഎം - കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക. പൂഞ്ഞാര്‍ ഏറ്റെടുത്താല്‍ മുതിര്‍ന്ന നേതാവ് കെ ജെ തോമസിനെ പരിഗണിച്ചേക്കും. 

പൂഞ്ഞാര്‍ കൂടി ഏറ്റെടുത്താല്‍ സിപിഎമ്മിന് കോട്ടയത്ത് മല്‍സരിക്കാന്‍ നാലു സീറ്റാകും. നിരവധി തവണ മല്‍സരിച്ച സുരേഷ് കുറുപ്പിനും, കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മല്‍സരിച്ച വി എന്‍ വാസവനും മല്‍സരിക്കാന്‍ ഇളവ് നല്‍കണോ എന്ന് സിപിഎം സംസ്ഥാന സമിതിയാകും തീരുമാനമെടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates