താമസം ശ്രദ്ധയെത്താത്ത കുന്നിന്‍ ചെരുവില്‍, ആശാരിപ്പണി ചില വീടുകളില്‍ മാത്രം; സവാദിന് ഒളിത്താവളം ഒരുക്കിയത് ആര്? 

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതിയായ സവാദ് ഒളിവില്‍ കഴിയുമ്പോള്‍ ആശാരിപ്പണിയാണ് എടുത്തിരുന്നതെങ്കിലും ചില വീടുകളില്‍ മാത്രമാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

ടി ജെ ജോസഫ്, പിടിയിലായ സവാദ്/ ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്
Last Updated :22 January 2024, 7:51 pm IST

കണ്ണൂര്‍:  അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതിയായ സവാദ് ഒളിവില്‍ കഴിയുമ്പോള്‍ ആശാരിപ്പണിയാണ് എടുത്തിരുന്നതെങ്കിലും ചില വീടുകളില്‍ മാത്രമാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ജോലി തീര്‍ന്ന്, വൈകീട്ടോ രാത്രിയിലോ ആണ് വീട്ടിലേക്ക് മടങ്ങിയിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനിടയില്‍ ഇയാള്‍ ഏതെങ്കിലും സംഘടനയുടെ ക്യാംപുകളിലോ യോഗങ്ങളിലോ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

സവാദ് ഒളിയിടമായി തെരഞ്ഞെടുത്ത കുന്നിന്‍ ചെരിവ്, അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്. മട്ടന്നൂര്‍ നഗരസഭയിലാണെങ്കില്‍ പോലും നാട്ടുമ്പുറത്തിന്റെ സ്വഭാവമാണ്. ഇവിടേക്കുള്ള ഹസന്‍മുക്ക് റോഡാണെങ്കില്‍, വളഞ്ഞുപുളഞ്ഞ് പോകുന്നതാണ്. വാടക വീട് നില്‍ക്കുന്നത് കുന്നിന്‍ ചരിവിലാണ്. ഇത്തരം സുരക്ഷിതമായ ഒളിത്താവളം കണ്ടെത്താനും വാടകയ്ക്ക് എടുക്കാനും സവാദിന് ഒറ്റയ്ക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

13 വര്‍ഷവും ഇതേ രീതിയില്‍ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചിട്ടുണ്ടാകാം. ആശാരിപ്പണിയില്‍ ഇയാള്‍ക്ക് പരിശീലനം നല്‍കിയവര്‍, ഒളിയിടം ഒരുക്കാനും താമസം മാറ്റാനും സഹായിച്ചവര്‍ എന്നിവരിലേക്കും ഇനി എന്‍ഐഎ അന്വേഷണം നീങ്ങും.

അതിനിടെ എന്‍ഐഎ ഇന്ത്യയിലും വിദേശത്തും വ്യാപകമായി തിരച്ചില്‍ നടത്തുമ്പോള്‍, ഇരിട്ടിയിലും മട്ടന്നൂരിലുമായി വര്‍ഷങ്ങളോളം സവാദ് ഒളിച്ചു താമസിച്ചത് വന്‍ ഇന്റലിജന്‍സ് വീഴ്ചയാണെന്ന് വിലയിരുത്തല്‍. 13 വര്‍ഷവും ഇയാള്‍ കണ്ണൂരിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും വര്‍ഷങ്ങളോളം ഇരിട്ടിയിലും മട്ടന്നൂരിലുമുണ്ടായിരുന്നുവെന്ന് വ്യക്തമായ തെളിവുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now