പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ വന്നപ്പോഴാണ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്

അറസ്റ്റിലായ അർഫാൻ/ ടെലിവിഷൻ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

കോഴിക്കോട് : മറ്റാരും വീട്ടിലില്ലാത്ത നേരത്ത് വീട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളും പണവുമായി മുങ്ങി. പെണ്‍കുട്ടി ഇക്കാര്യം അറിഞ്ഞില്ല. പിന്നീട് ഇയാള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍നിന്നായി 45,000 രൂപയും പിന്‍വലിച്ചു.

പണം നഷ്ടമായതറിഞ്ഞ് അമ്മ നല്‍കിയ പരാതിയില്‍ ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21) നെ കസബ പൊലീസ് പിടികൂടി. ഒട്ടേറെ മോഷണക്കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അര്‍ഫാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി. അവിടെ അവരുടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും കൈക്കലാക്കി. 

ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്‍ഫാന്‍ വീട്ടില്‍നിന്നും പോയി. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ വന്നപ്പോഴാണ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. 

പണം പിന്‍വലിച്ച എടിഎമ്മില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചു. തനിക്കോ തന്റെ മക്കള്‍ക്കോ അറിയില്ലെന്ന് ഇവര്‍ ആണയിട്ടു പറഞ്ഞു. എന്നാല്‍ മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് മകളെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്തു. 

ഇതിനിടെ, സൈബര്‍ സെല്ലിന്റെ സഹായത്തോടെ മകളുടെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചിരുന്നു. ഫോണ്‍ രേഖകളില്‍നിന്നു അര്‍ഫാനുമായി പെണ്‍കുട്ടി ഒട്ടേറെത്തവണ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി യുവാവ് വീട്ടിലെത്തിയ കാര്യം സമ്മതിച്ചു. 

താന്‍ ബിരുദ വിദ്യാര്‍ഥിയാണെന്നും മാതാപിതാക്കള്‍ വിദേശത്താണെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.അര്‍ഫാന്‍ പല സ്‌റ്റേഷനുകളിലായി വിവിധ മോഷണക്കേസില്‍ ഒട്ടേറെ തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ഇയാള്‍ പ്രണയം നടിച്ചതെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates