എന്‍സിപി യുഡിഎഫിലേക്കെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

എ വിജയരാഘവന്‍ മാധ്യമങ്ങളെ കാണുന്നു
Last Updated :20 January 2024, 8:38 am IST

News Now

തിരുവനന്തപുരം: എന്‍സിപി യുഡിഎഫിലേക്കെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫില്‍ സീറ്റ് തര്‍ക്കമുണ്ടാകില്ല. എല്‍ഡിഎഫിന് മുന്നില്‍ ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമില്ല. പാലാ സീറ്റ് കാര്യം തെരഞ്ഞെടുപ്പ് വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യമുണ്ടാക്കിയത് യുഡിഎഫ് അംഗീകരിച്ചു. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

'നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് യുഡിഎഫ് പരിശ്രമിച്ചത്. അത് എല്ലാ അതിരുകളും ലംഘിച്ച വര്‍ഗീയവത്കരണമായിരുന്നു. ഒരു ഭാഗത്ത് പതിവുപോലെ ബിജെപിയുമായി വോട്ട് കച്ചവടം. വേറൊരു ഭാഗത്ത് തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുക. ആ മുസ്ലിം ലീഗ് വെല്‍ഫെയര്‍ സഖ്യത്തെ യുഡിഎഫ്, വിശേഷിച്ച് കോണ്‍ഗ്രസ് അംഗീകരിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയത്തെ അവര്‍ മാറ്റി'.

'മുസ്ലിം ഏകീകരണത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മതമൗലികതാ വാദത്തോടൊപ്പം ലീഗ് ഒത്തുചേര്‍ന്നത് തീവ്ര വര്‍ഗീയവത്കരണം പ്രാവര്‍ത്തികമാക്കാനാണ്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പാര്‍ട്ടി അതംഗീകരിക്കാന്‍ പാടില്ലാത്തതാണ്', എ വിജയരാഘവന്‍ പറഞ്ഞു. 

അഖിലേന്ത്യ തലത്തില്‍ തന്നെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നയസമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായ നയം കേരളത്തിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിച്ചുവെന്നും എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates