'അവര്‍ ചരിത്രത്തെ നോക്കി ചിരിക്കും, പിന്നിലുള്ള സത്യത്തെ കാണില്ല', പരിഹാസങ്ങൾ തള്ളി ആര്യ രാജേന്ദ്രന്‍

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംദാനി പങ്കുവച്ച എക്‌സ് പോസ്റ്റ് വീണ്ടും ഷെയർ ചെയ്താണ് തിരുവനന്തപുരം മേയറുടെ പ്രതികരണം

Thiruvananthapuram Mayor Arya Rajendran
Thiruvananthapuram Mayor Arya Rajendran
Edited by :എന്‍ പി അനൂപ്
Last Updated :8 നവംബർ 2025, 12:45 pm IST

തിരുവനന്തപുരം: ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തെ പ്രകീർത്തിക്കുന്നതിനെ ചൊല്ലിയുള്ള പരിഹാസങ്ങളെ തള്ളി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയുടെ പഴയ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്താണ് ആര്യ രാജേന്ദ്രന്റെ പുതിയ പോസ്റ്റ്. 'അവര്‍ ചരിത്രത്തെ നോക്കി ചിരിക്കും, അതിന് പിന്നിലുള്ള സത്യത്തെ കാണില്ല.'എന്ന കുറിപ്പും ആര്യ രാജേന്ദ്രൻ പങ്കുവച്ചു.

സൊഹ്‌റാന്‍ മംദാനിക്ക് ആര്യാ രാജേന്ദ്രനും പ്രചോദനമായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ക്ഷണിച്ചുവരുത്തിയ സാഹചര്യത്തില്‍ കൂടിയാണ് തിരുവനന്തപുരം മേയറുടെ പ്രതികരണം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംദാനി പങ്കുവച്ച എക്‌സ് പോസ്റ്റ് വീണ്ടും ഷെയർ ചെയ്താണ് തിരുവനന്തപുരം മേയറുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.

'ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് ആര്യാ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ മംദാനി എക്‌സില്‍ കുറിച്ചിരുന്നു. അന്ന് മുതല്‍ അദ്ദേഹം ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും ജെഎന്‍യു സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് വിജയമെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടിരുന്നു. മംദാനി കമ്യൂണിസ്റ്റ് അല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നുള്‍പ്പെടെയാണ് പലരും എം വി ഗോവിന്ദന്റെ പ്രതികരണത്തിന് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.

ന്യൂയോര്‍ക്കിന് ഏത് തരത്തിലുള്ള മേയറാണ് ആവശ്യം എന്ന ചോദ്യത്തിന് ഉത്തരം എന്ന നിലയിലായിരുന്നു ആര്യ രാജേന്ദ്രന്റെ ഫോട്ടോ പങ്കുവച്ച് 2020 ഡിസംബര്‍ 27 ന് സൊഹ്‌റാന്‍ മംദാനി എക്‌സില്‍ പ്രതികരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ സാഹചര്യത്തില്‍ പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സൊഹ്‌റാന്‍ മംദാനിയെ തിരുവനന്തപുരം സന്ദര്‍ശിക്കാനും ആര്യാ രാജേന്ദ്രന്‍ ക്ഷണിച്ചിരുന്നു. കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ ഞങ്ങള്‍ താങ്കളെ ഹൃദയപൂര്‍വം ക്ഷണിക്കുന്നുവെന്നായിരുന്നു ആര്യാ രാജേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യര്‍, അവര്‍ കേരളത്തിലാവട്ടെ ന്യൂയോര്‍ക്കിലാകട്ടെ, ജനങ്ങളെ മുന്‍നിറുത്തിയുള്ള ഭരണം തെരഞ്ഞെടുക്കുന്നതിന്റെ നേര്‍ചിത്രം കൂടിയാണിതെന്നുമായിരുന്നു ആര്യയുടെ പ്രതികരണം.

News Now

Summary

Thiruvananthapuram Mayor Arya Rajendran shares New York S upcoming Zohran Mamdani s old post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates