ഏക സിവില്‍ കോഡ് വിഷയത്തില്‍ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വിജയന്‍/ഫയല്‍
Last Updated :20 January 2024, 9:22 am IST

News Now


തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കില്‍  അതെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഹിമാചല്‍  മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ്ങ് ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമാണോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്?  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിയെ എതിര്‍ക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ സംഘ പരിവാറിനെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസ്  മടിക്കുകയാണ്. 

ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് ഫലത്തില്‍ അനുകൂലിക്കുകയാണ്. ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാന്‍ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാര്‍ ഈ ഓര്‍ഡിനന്‍സിലൂടെ നടത്തിയത്. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ നിലപാടെടുക്കാനാണ് കോണ്‍ഗ്രസിന്റെ ഡല്‍ഹി, പഞ്ചാബ് ഘടകങ്ങള്‍ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തയ്യാറായില്ല. ഏക സിവില്‍ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്- മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. 

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നയം കുറുക്കന്‍ കോഴിയുടെ സുഖം അന്വേഷിക്കാന്‍ പോകുന്നത് പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 1985ലെ ഷബാനു കേസില്‍ ഏക വ്യക്തിനിയമത്തിന് വേണ്ടി ശക്തിയുക്തം വാദിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇഎംഎസ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. അന്ന് ഇഎംഎസ് പറഞ്ഞതിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ല. രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറ. അതില്ലാതായാല്‍ ഇന്ത്യയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് ബിജെപി ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വ്യക്തിനിയമം മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതാണ് എന്ന് പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates