'അവരുടെ പേര് നിങ്ങളോട് എന്തിനു പറയണം?'; കൊച്ചിയില്‍ വന്നത് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാന്‍, ഹെലികോപ്റ്റര്‍ യാത്രയില്‍ മുഖ്യമന്ത്രി

മുമ്പ് പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ ഹെലികോപ്റ്ററിൽ പോയിട്ട് പണം അടച്ചത് ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണെന്ന് വിഡി സതീശൻ പറഞ്ഞു

Chief Minister V D Satheesan
മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ
Edited by :Jayakumar
Last Updated :3 ഓഗസ്റ്റ് 2026, 2:55 pm IST

തിരുവനന്തപുരം: താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയിലെത്തിയ ഒരു ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററില്‍ വന്നത്. രാത്രി കാണാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിനായി വന്ദേഭാരതില്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ആ സംഘത്തിന് സന്ധ്യയ്ക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചു. അതേത്തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടശേഷമാണ് ഈ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ തമിഴ്നാട് ശ്രമിക്കുന്നതിനിടയില്‍ താന്‍ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അവരെ കണ്ടില്ലെങ്കില്‍ പിന്നെ അതും ആക്ഷേപത്തിന് കാരണമാകും. സമയക്കുറവ് മൂലമാണ് വന്ദേഭാരതില്‍ പോകാനുള്ള പ്ലാന്‍ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി 25 മണിക്കൂര്‍ സൗജന്യമായി പറക്കാന്‍ കരാറുള്ള ഹെലികോപ്റ്ററാണ് താന്‍ ഉപയോഗിച്ചത്. ഈ 25 മണിക്കൂര്‍ ഉപയോഗിച്ചില്ലെങ്കിലും സര്‍ക്കാരിന് 80 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്ത സെപ്റ്റംബര്‍ വരെയാണ് ഈ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ സാമ്പത്തിക നഷ്ടത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.

തന്റെ യാത്രയെ വിമര്‍ശിക്കുന്നവര്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല യാത്രകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. ആ ചരിത്രമൊന്നും പറയിപ്പിക്കരുത്. താന്‍ ഒരു പാര്‍ട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനം ഉപയോഗിച്ചിട്ടില്ല. ഒരു സ്വകാര്യ യാത്രയും നടത്തിയിട്ടില്ല. ഔദ്യോഗികമായ ആവശ്യത്തിന് തന്നെയാണ് പോയത്. സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. 'അതെന്തിനാ ഞാന്‍ നിങ്ങളോട് പറയേണ്ട ആവശ്യം' എന്ന് ചോദിച്ച വിഡി സതീശന്‍, നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് ആ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഇനിയിപ്പോ അവരുടെ പേരു കൂടി വലിച്ചിഴയ്ക്കാനാണോ ശ്രമം?. പദ്ധതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമ്പോള്‍ അത് അറിയിക്കും. ഇപ്പോള്‍ അവരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

News Now

Summary

Chief Minister V.D. Satheesan issues clarification regarding helicopter journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates