'എവിടെ വച്ച്, എപ്പോഴാണ് ഞാന്‍ അങ്ങനെ പറഞ്ഞത്?;അങ്ങയെ ആ ഗണത്തില്‍ കൂട്ടിയിരുന്നില്ല' ഐസക്കിന് സതീശന്റെ മറുപടി

കാള പെറ്റെന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്ന സിപിഎം നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങയെ ആ ഗണത്തില്‍ കൂട്ടിയിരുന്നില്ല.

തോമസ് ഐസക് - വിഡി സതീശന്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST


കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ നാലാംകിട നേതാവ് എന്ന് വിളിച്ചെന്ന തോമസ് ഐസക്കിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  
ജെയ്ക്കിനെ നാലാംകിട നേതാവെന്ന് താന്‍ വിളിച്ചത് എവിടെ വച്ചാണെന്നും എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും സതീശന്‍ ചോദിച്ചു. ഈ ആരോപണം തോമസ് ഐസക്ക് തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലെ കുറിപ്പിലാണ് സതീശന്റെ ചോദ്യം.

കാള പെറ്റെന്നു കേള്‍ക്കും മുന്‍പ് കയറെടുക്കുന്ന സിപിഎം നേതാക്കളുടെ ഗണത്തില്‍ ഐസക്കിനെ കൂട്ടിയിരുന്നില്ലെന്നും എന്നാല്‍ ഇന്നത്തെ പോസ്റ്റ് അക്കാര്യത്തില്‍ വീണ്ടുവിചാരം ഉണ്ടാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. രാഷ്ട്രീയ മത്സരങ്ങളില്‍ എതിരാളികള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണ്. അതാണ് കോണ്‍ഗ്രസിന്റെ സമീപനവും പാരമ്പര്യവും. തെരെഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏതു വിഷയവും തങ്ങള്‍ ഉന്നയിക്കും. ഒന്നൊഴികെ, വ്യക്തിഹത്യ. സിപിഎമ്മിന് എന്നും ശീലമുളളത് വ്യക്തിഹത്യയാണ്. ഉമ്മന്‍ ചാണ്ടി അടക്കം നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും സതീശന്റെ കുറിപ്പില്‍ പറയുന്നു. 

സതീശന്റെ കുറിപ്പ്

പ്രിയപ്പെട്ട ശ്രീ തോമസ് ഐസക്,
നാല് മണിക്കൂര്‍ മുന്‍പ് അങ്ങ് ഫേസ്ബുക്കില്‍ പറഞ്ഞത് കണ്ടു. ജയ്ക്ക് സി. തോമസിനെ ഞാന്‍ നാലാം കിട നേതാവെന്ന് വിളിച്ചതായാണ് അങ്ങയുടെ ആരോപണം. ഒരേ ഒരു ചോദ്യം എവിടെ വച്ച്, എപ്പോഴാണ് ഞാന്‍ അങ്ങനെ പറഞ്ഞത്? തോമസ് ഐസക് അത് തെളിയിക്കണം.
കാള പെറ്റെന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്ന സി.പി.എം നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങയെ ആ ഗണത്തില്‍ കൂട്ടിയിരുന്നില്ല. ഡോക്ടറുടെ  ഇന്നത്തെ പോസ്റ്റ് എനിക്ക് വീണ്ടുവിചാരം ഉണ്ടാക്കുന്നു.   
രാഷ്ട്രീയ മത്സരങ്ങളില്‍ എതിരാളികള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണ്. അതാണ് കോണ്‍ഗ്രസിന്റെ സമീപനവും പാരമ്പര്യവും. തെരെഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏത് വിഷയവും ഞങ്ങള്‍ ഉന്നയിക്കും. ഒന്നൊഴികെ, വ്യക്തിഹത്യ. CPM ന് എന്നും  ശീലമുളളത്  വ്യക്തിഹത്യയാണ്. ഉമ്മന്‍ ചാണ്ടി അടക്കം നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ എണ്ണി പറയുന്നില്ല.
ഞാന്‍ പറഞ്ഞത് എന്താണ്? ബഹുമാന്യനായ തോമസ് ഐസക് കേട്ടത് എന്താണ്? ഇനി മാതൃഭൂമി ന്യൂസില്‍ ഞാന്‍ നല്‍കിയ അഭിമുഖമാണ് അങ്ങയുടെ പോസ്റ്റിന് ആധാരമെങ്കില്‍ അത് കണ്ടിട്ട് വേണമായിരുന്നു പ്രതികരിക്കാന്‍.
(ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുന്ന സ്വഭാവം അങ്ങേയ്ക്ക് ഇല്ലാത്തതാണ് , ഇപ്പോള്‍ എന്തെ ഇങ്ങനെ...)
ഞാന്‍ പറഞ്ഞത് വാക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാതൃഭൂമിക്ക് പിഴവ് പറ്റി. അവര്‍ അത് തിരുത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ( വീഡിയോ ചുവടെ ചേര്‍ക്കുന്നു ). ഇത് കണ്ട ശേഷം പോസ്റ്റ് പിന്‍വലിക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇനിയെങ്കിലും പ്രതികരിക്കുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്ന് ആദരവോടെ അഭ്യര്‍ഥിക്കുന്നു.
ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് അങ്ങയുടെ ഒടുവിലത്തെ ആരോപണം. ചിരിക്കാതെ എന്ത് ചെയ്യും?
അങ്ങയുടെ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് ഞാന്‍ ചെയ്തത്. ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകുമെന്ന അങ്ങയുടെ പരാമര്‍ശം കണ്ടു. ഇക്കാര്യം താങ്കളുടെ പാര്‍ട്ടിയുടെ പി.ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി  വിജയനോടാണ് പറയേണ്ടതെന്ന് വിനയപുരസരം പറഞ്ഞുകൊള്ളട്ടെ. 
ഒരു പഴയ കാര്യം കൂടി ഓര്‍മ്മിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയക്കാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. സതീശനാണെങ്കില്‍ എന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ അയക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതു സമൂഹത്തിന് മുന്നിലുണ്ട്. (ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്ത് നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.)
അങ്ങ് അവസാനം പറഞ്ഞ കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. 'ജനാധിപത്യത്തില്‍ ജനമാണ് യജമാനര്‍. അവര്‍ എല്ലാം കാണുന്നുണ്ട് '  ശരിയാണ് അവര്‍ എല്ലാം കാണുന്നുണ്ട്.  അവര്‍ എല്ലാം കാണുന്നത് കൊണ്ടാണ് തൃക്കാരയില്‍ പ്രതികരിച്ചത്, തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ചത്, മട്ടന്നൂര്‍ നഗരസഭയില്‍ തോല്‍വിയോളം പോന്ന ജയം അങ്ങയുടെ പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിയും വന്നത്.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ആരായാലും, പറഞ്ഞത് എന്താണെന്ന് പൂര്‍ണ്ണമായും കേള്‍ക്കുകയും മനസിലാകുകയും ചെയ്ത ശേഷം ഇനിയുള്ള അവസരങ്ങളില്‍ അങ്ങ്  പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയുടെ ശൈലിക്ക് യോജിക്കുന്നതും അതാണ്. താങ്കളുടെ സമീപനത്തെ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സഹപ്രവര്‍ത്തകന്റെ നിര്‍ദ്ദേശമായി മാത്രം കരുതുക.
സ്‌നേഹത്തോടെ
വിഡി സതീശന്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now