അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തൽ

Veena George
Veena George
Last Updated :20 October 2026, 10:35 am IST
Guest Author :Damodaran K

News Now

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കുരുക്കി ഗൺമാൻ അഭിലാഷിന്റെ നിർണായക മൊഴി. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന തരത്തിൽ മുൻപ് മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി. കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും റെയിൽവേ പൊലീസിനോട് അന്ന് മൊഴി നൽകിയത് മന്ത്രി പറഞ്ഞതനുസരിച്ചാണെന്നും അഭിലാഷ് മൊഴി നൽകി.

കഴിഞ്ഞ ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. സമരക്കാർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ കാരണമായത്. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ 16 ദിവസത്തോളം ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നിരുന്നു. എന്നാൽ സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

യുഡിഎഫ് സർക്കാരാണ് കെഎസ്‌യു പ്രവർത്തകർക്കെതിരായ കേസ് പുനരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തങ്ങൾ കരിങ്കൊടി കാണിച്ച് ജനാധിപത്യപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും വധശ്രമം കെട്ടിച്ചമച്ചതാണെന്നുമുള്ള കെഎസ്‌യുവിന്റെ നിലപാടിനെ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ എസ്ഐടിയുടെ അന്വേഷണത്തിൽ പുറത്തുവരുന്നത്. സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്ക് സുരക്ഷയൊരുക്കാൻ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ അഖിൽ എന്നിവരും ആയുധം കൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്.

പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് മന്ത്രി പിന്നീട് മൊഴി മാറ്റിയിരുന്നു. കളവായ മൊഴി നൽകി നിരപരാധികളെ ജയിലിലടയ്ക്കാൻ കാരണക്കാരനായ ഗൺമാൻ അഭിലാഷിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. കൂടാതെ, എഫ്ഐആറിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ എഴുതിച്ചേർക്കാൻ നിർദ്ദേശം നൽകിയത് ആരാണെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

Summary

In a significant development surrounding the alleged attack on former Health Minister Veena George by KSU activists, her gunman, Abhilash, has stated before the Special Investigation Team (SIT) that his earlier claim about an armed assault was made under instructions from Veena George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates