വിസ്മയ കേസ്; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; സ്ത്രീധനപീഡനക്കേസില്‍ സംസ്ഥാനത്ത് ആദ്യം

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു

വിസ്മയ, ഭര്‍ത്താവ് കിരണ്‍ കുമാര്‍/ ഫയൽ ചിത്രം
Last Updated :20 January 2024, 8:47 am IST

തിരുവന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു.  കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ

സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട്  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.

കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്. 

പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികൾ അടക്കമുള്ള കാര്യങ്ങൾ വിസ്മയയുടെ കേസിൽ ശേഖരിച്ചിരുന്നു. കിരൺ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്പാണ് കേസിൽ കിരണിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായി കിരണിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെൻഷൻ കാലാവധി പൂർത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരൺ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെത്തുടർന്നാണ് പിരിച്ചുവിടൽ

ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാര്‍ക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now