
News Now
കൊല്ലം: ഭർത്തൃഗൃഹത്തിൽ വെട്ട് ആത്മഹത്യക്ക് ശ്രമിച്ച ഇരുപത്തിയൊന്നുകാരി ഗുരുതരാവസ്ഥയിൽ. യുവതിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്തൃമാതാവിന്റെ പേരിൽ പോലീസ് കേസെടുത്തു.
കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ കണ്ണന്റെ ഭാര്യ അനുജ(22)യാണ് ആത്മഹത്യക്കു ശ്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ജോലികഴിഞ്ഞെത്തിയ കണ്ണനും അനുജയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അനുജ മുറിയിൽ കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ച് കിടക്കാറുള്ളതിനാൽ കണ്ണൻ ഇതു കാര്യമാക്കിയില്ല.
രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വാതിൽ ചവിട്ടിപ്പൊളിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കണ്ണനും ശക്തികുളങ്ങര സ്വദേശിയായ അനുജയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഭർത്തൃമാതാവ് സുനിജ അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കൾ ആരോപിച്ചു. അനുജയുടെ അച്ഛൻ അനിലാലിന്റെ പരാതിപ്രകാരം കണ്ണന്റെ അമ്മ സുനിജയ്ക്കെതിരേ ശക്തികുളങ്ങര പോലീസ് ഗാർഹികപീഡനത്തിന് കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





