ലിംഗമാറ്റം നടത്തണമെന്ന് ആവശ്യം, തര്‍ക്കം, ; യുവാവിനെ അടിച്ചുകൊന്നു ; സഹോദരന്‍ അറസ്റ്റില്‍

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജസ്റ്റിന്‍ വിറക് ഉപയോഗിച്ച് ജെറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു

അറസ്റ്റിലായ ജസ്റ്റിന്‍
Last Updated :20 January 2024, 8:42 am IST
Edited by :migrator

പത്തനംതിട്ട : തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി ചരിവുകാല പുത്തന്‍വീട്ടില്‍ ജെറിന്‍ മരിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റിലായി. ചരിവുകാല പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി എബി (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 5ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജസ്റ്റിന്റെ സഹോദരന്‍ ജെറിന്‍ (23) മരിച്ചത്.

കഴിഞ്ഞ മാസം 25ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് പൊലീസ് പറയുന്നു. ജെറിന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജസ്റ്റിന്‍ വിറക് ഉപയോഗിച്ച് ജെറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ബോധരഹിതനായ ജെറിനെ കുളിപ്പിച്ച് കിടത്തി. 

തണ്ണിത്തോട് ബസ് സ്റ്റാന്‍ഡില്‍ കട നടത്തുന്ന മാതാപിതാക്കള്‍ വൈകിട്ട് എത്തിയപ്പോള്‍ ജെറിന് അപസ്മാരം വന്നതാകാമെന്ന് കരുതി ആശുപത്രിയില്‍ കൊണ്ടുപോയി. കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണ് മരണമെന്ന് കണ്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ജെറിന്റെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളില്‍നിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ ജസ്റ്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now