ആള്‍ക്കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Last Updated :20 January 2024, 12:10 am IST

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടറോടും പൊലീസ് സൂപ്രണ്ടനിനോടും റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 

നേരത്തെ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു ആണ് മരിച്ചത്. ആള്‍ക്കൂട്ട വിചാരണയില്‍ പൊലീസ് നോക്കുകുത്തിയായി നിന്നത് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ആള്‍ക്കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു