കാലവര്‍ഷം ശക്തമായതിന് പിന്നാലെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

Last Updated :20 January 2024, 8:01 am IST

News Now

കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതിന് പിന്നാലെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന 'വായു' ചുഴലിക്കാറ്റ് മറ്റന്നാള്‍ ഗുജറാത്ത് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കൂടാതെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും, തിരമാലകള്‍ മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ വീശിയടിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് വെരാവല്‍, പോര്‍ബന്തര്‍ വഴി 13 ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുമ്പോള്‍ 135 കിലോമീറ്ററായി ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും, മഴയുടെ അളവ് കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. എന്നാല്‍ മഴ കുറയുന്നത് പരിഗണിച്ച് ഒമ്പത് ജില്ലകലില്‍ ഏര്‍പ്പെടുത്തിയിരുന്ന യെല്ലോ അലര്‍ട്ട് രണ്ടു ജില്ലകളിലായി ചുരുക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ: കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും, ജാഗ്രത