അറസ്റ്റിലായ ശേഷം ആദ്യമായി ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ ആലുവ സബ് ജയിലിലെത്തി

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയുടെ പിതാവ് മാധവനും കൂടെയുണ്ടായിരുന്നു. ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ജയിലില്‍ ആയതിന് ശേഷം ആദ്യമായാണ് ദിലീപിനെ കാണാന്‍ ഇവര്‍ ജയിലിലെത്തുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടുനിന്നെന്നാണ് സൂചന. എന്നാല്‍ മാഡം ആരെന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാവ്യ തയാറായില്ല. 

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു. 

ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ നേരത്തേ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ സ്ഥിരമായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

News Now

ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി