കാബൂള്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്

അഫ്ഗാനിസ്ഥാനില്‍ ചെക്ക്‌പോയിന്റില്‍ നിലയുറപ്പിച്ചിരിക്കുന്ന താലിബാന്‍ പോരാളി, എപി ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ, കാബൂള്‍ വിമാനത്താവളത്തില്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

വിദേശ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ സായുധ സേനയാണ് വിമാനത്താവളത്തില്‍ വെടിവെയ്പ് നടന്ന കാര്യം അറിയിച്ചത്. അതിനിടെ, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. ദോഹയില്‍ നിന്നാണ്  ഇവരെ രാജ്യത്തെത്തിച്ചത്. 

കാബൂളില്‍ നിന്നും അമേരിക്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ ദോഹയിലെത്തിച്ച് അവിടെ നിന്നും രാജ്യത്തെത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ 392 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അഫ്ഗാനു പുറമെ, ഖത്തര്‍, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്. 

ഇവരില്‍ ഇന്ത്യാക്കാര്‍ക്ക് പുറമെ, മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നേപ്പാള്‍, ലെബനീസ് പൗരന്മാരെ കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. 500 ഓളം പേര്‍ ഇനിയും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now