'വീടിനു പുറത്തിറങ്ങുന്നെങ്കില്‍ ചൈനീസ് പതാക കൂടെ കരുതണം'; നാറ്റോ ഇടപെടും, യുക്രൈന്‍ യുദ്ധത്തില്‍ ലോകരാഷ്ട്രങ്ങളുടെ പ്രതികരണം

യുക്രൈനില്‍ ആക്രമണം ആരംഭിച്ച റഷ്യയ്ക്ക് എതിരെ പ്രതികരണവുമായി ലോകരാഷ്ട്രങ്ങള്‍.

AP02_24_2022_000052A
Last Updated :20 January 2024, 8:58 am IST


യുക്രൈനില്‍ ആക്രമണം ആരംഭിച്ച റഷ്യയ്ക്ക് എതിരെ പ്രതികരണവുമായി ലോകരാഷ്ട്രങ്ങള്‍. 'വൈറ്റ് ഹൗസില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. നാഷണല്‍ സെക്യൂരിറ്റി ടീമില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വെള്ളിയാഴ്ച ജി 7 രാജ്യങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തും. നാറ്റോ സഖ്യരാജ്യങ്ങളുമായും ചര്‍ച്ച നടത്തും'- യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 

'ഈ ദുഷ്‌കരമായ മണിക്കൂറുകളില്‍ ഞങ്ങളുടെ ചിന്ത കാരണമില്ലാതെ അക്രമം നേരിടുന്ന യുക്രൈനും അവിടത്തെ നിഷ്‌കളങ്കരായ മനുഷ്യര്‍ക്കുമൊപ്പമാണ്.' എന്ന് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാര്‍ലിസ് മിച്ചല്‍ പറഞ്ഞു. 

'യുക്രൈനിലെ ജനങ്ങള്‍ക്ക് ഭയാനകമായ ദിനമാണ്, യൂറോപ്പിന് കറുത്ത ദിനവും'-ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷൂള്‍സ് 

'ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ തികച്ചും നീതീകരിക്കപ്പെടാത്ത അതിക്രമം.'-ഡച്ച് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല. 

'ന്യായീകരിക്കപ്പെടാത്ത ക്രൂരമായ പ്രവൃത്തി'- സ്ലോവാക്യന്‍ പ്രധാനമന്ത്രി എഡ്വാര്‍ഡ് ഹെഗ്ഗര്‍. 

'വിവരങ്ങള്‍ ശേഖരിക്കുന്നതിനും സാഹചര്യം മനസ്സിലാക്കുന്നതിനുംഎല്ലാ ശ്രമങ്ങളും നടത്തുന്നു. യുക്രൈനിലുള്ള ജപ്പാന്‍കാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് അതി പ്രധാനമാണ്.' ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ. 

വീടിന്റെ പുറത്തിറങ്ങരുതെന്നും അഥവാ ഇറങ്ങുന്നെങ്കില്‍ വാഹനത്തിലോ കയ്യിലോ ചൈനീസ് പതാക കരുതണമെന്ന് ചൈനീസ് പൗരന്‍മാര്‍ക്ക് ചൈന നിര്‍ദേശം നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നത് അപകടമുണ്ടാക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകരാറിലാകാം, അക്രമം ഏത് സമയത്തും നടക്കാമെന്നും ചൈനീസ് എംബസി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. 

News Now