തുര്‍ക്കിയില്‍ വിചിത്രമായ രീതിയില്‍ ജീവനക്കാരന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായി തൊഴിലുടമയുടെ പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

അങ്കാര: തുര്‍ക്കിയില്‍ വിചിത്രമായ രീതിയില്‍ ജീവനക്കാരന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായി തൊഴിലുടമയുടെ പരാതി. കുടിവെള്ളത്തില്‍ കോവിഡ് ബാധിച്ചയാളുടെ ഉമിനീര് കലര്‍ത്തി വൈറസ് ബാധയേല്‍പ്പിച്ച് ജീവനക്കാരന്‍ കൊല്ലാന്‍ ശ്രമിച്ചതായാണ് കാര്‍ ഡീലര്‍ഷിപ്പ് ഉടമയുടെ പരാതിയില്‍ പറയുന്നത്. തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നതായി കാണിച്ച് തൊഴിലുടമയുടെ ഭാര്യയും പൊലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ സെയില്‍സ്മാനാണ് തൊഴിലുടമയെയും ഭാര്യയെയും കൊല്ലാന്‍ ശ്രമിച്ചത്. പണം മോഷ്ടിച്ചത് കണ്ടുപിടിച്ചതാണ് പ്രകോപനത്തിന് കാരണം. കാര്‍ ഡീലര്‍ഷിപ്പ് ഉടമ ഇബ്രാഹിം അന്‍വര്‍ഡിക്കും ഭാര്യയ്ക്കുമാണ് പൊലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തിയത്. മൂന്ന് വര്‍ഷമായി തന്നോടൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ ഏല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

കുടിവെള്ളത്തില്‍ കോവിഡ് ബാധിച്ചയാളുടെ ഉമിനീര് കലര്‍ത്തി വൈറസ് ബാധ ഏല്‍പ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭാഗ്യവശാല്‍ വെള്ളം കുടിക്കാതിരുന്നത് കൊണ്ട് ആപത്തില്‍ നിന്ന് രക്ഷപ്പെട്ടതായി പരാതിയില്‍ പറയുന്നു.

ജോലിയുടെ ഭാഗമായി കാര്‍ വിറ്റ് കിട്ടിയ പണം ഓഫീസില്‍ കൊണ്ടുപോയി വെയ്ക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. പൂര്‍ണമായി വിശ്വസിച്ചിരുന്നത് കൊണ്ട് സേഫിന്റെ കീയും ജീവനക്കാരന്റെ കൈവശമായിരുന്നു. പണം നഷ്ടപ്പെട്ടത് അറിഞ്ഞ് നിരവധി തവണ വിളിച്ചെങ്കിലും ജീവനക്കാരന്‍ ഫോണ്‍ എടുത്തില്ല. അടുത്ത ദിവസമാണ് ജീവനക്കാരന്‍ പ്രതികരിച്ചത്. പണത്തിന് ആവശ്യമുള്ളത് കൊണ്ടാണ് പണം കവര്‍ന്നതെന്നും ജീവനക്കാരന്‍ കുറ്റസമ്മതം നടത്തിയതായും തൊഴിലുടമയുടെ പരാതിയില്‍ പറയുന്നു.

സംഭവം പുറംലോകം അറിഞ്ഞതോടെ തനിക്കെതിരെ ജീവനക്കാരന്‍ നിരന്തരം ഭീഷണി സന്ദേശം അയക്കാന്‍ തുടങ്ങി. ജീവനക്കാരനെ പേടിച്ച് ഇബ്രാഹിമിന്റെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തന്നെ ഭയപ്പെടുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates