'കോവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് എന്നെ തോല്‍പ്പിക്കാന്‍'- പുതിയ ആരോപണവുമായി ട്രംപ്

Last Updated :20 January 2024, 8:32 am IST

News Now

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് പുതിയ ആരോപണവുമായി ഡോണള്‍ഡ് ട്രംപ്. തന്റെ വിജയം തടയുന്നതിന് വേണ്ടി ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഫൈസറും മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണമാണ് ട്രംപ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. 

തനിക്ക് ഒരു 'വാക്‌സിന്‍ വിജയം'ലഭിക്കുന്നത് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഡെമോക്രാറ്റുകളും  ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഉണ്ടായത് ഫലം വന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടാണ്. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പുതിയ ആരോപണം. 

ബഹുരാഷ്ട്ര അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്‌സിന്‍ 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്. ജര്‍മന്‍ മരുന്നു കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച ബിഎന്‍ടി 162ബി2 എന്നു പേരുള്ള വാക്‌സിന്‍ നിലവില്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. 

വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നല്‍കി ഏഴ് ദിവസത്തിനുള്ളിലും ആദ്യ ഡോസിനു ശേഷം 28 ദിവസത്തിനുള്ളിലും രോഗികളില്‍ സുരക്ഷ ഉറപ്പാക്കാനായെന്ന് തെളിഞ്ഞതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ബൗര്‍ള തിങ്കളാഴ്ച അറിയിച്ചിരുന്നു. 2020ല്‍ അഞ്ച് കോടി വാക്‌സിനും 2021ല്‍ 130 കോടിയും ആഗോളതലത്തില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates