തീരത്തടിഞ്ഞത് അപൂര്‍വ്വയിനം കൂറ്റന്‍ മൂണ്‍ ഫിഷ്, സമുദ്രത്തിലെ ഏക ഉഷ്ണ രക്തമുള്ള ജീവി, വഴുതി മാറുന്ന മത്സ്യം ഇവിടെ എത്താന്‍ കാരണം?  

അമേരിക്കയിലെ ഒറിഗണ്‍ തീരത്തടിഞ്ഞത് അപൂര്‍വ്വയിനം കൂറ്റന്‍ മത്സ്യം

മൂണ്‍ ഫിഷ്
Last Updated :20 January 2024, 8:46 am IST

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒറിഗണ്‍ തീരത്തടിഞ്ഞത് അപൂര്‍വ്വയിനം കൂറ്റന്‍ മത്സ്യം. സണ്‍സെറ്റ് ബീച്ചിലാണ് 45 കിലോയോളം ഭാരമുള്ള മൂണ്‍ ഫിഷിനെ കണ്ടെത്തിയത്. മേഖലയില്‍ അപൂര്‍വമാണ് മൂണ്‍ ഫിഷ്. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ ചൂടുപിടിച്ചതാവാം ഇവ ഇവിടേക്കെത്താന്‍ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.

3.5 അടിയോളം നീളമുണ്ടായിരുന്ന മത്സ്യത്തെ കൂടുതല്‍ പഠനാവശ്യങ്ങള്‍ക്കായി സീസൈഡ് അക്വേറിയം ഏറ്റെടുത്തതായി ജനറല്‍ മാനേജര്‍ കെയ്ത്ത് കാന്‍ഡ്ലര്‍ പറഞ്ഞു. മത്സ്യത്തെ ശീതീകരിച്ച് സൂക്ഷിക്കാനാണ് തീരുമാനം.മൂണ്‍ ഫിഷ്, കിങ് ഫിഷ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആഴക്കടല്‍ മത്സ്യമാണ് ഒപാ. 

Story image

കടല്‍പ്പരപ്പില്‍ നിന്ന് ശരാശരി 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്ന ഈ മത്സ്യങ്ങളെ പിടികൂടാന്‍ പ്രയാസമാണ്.  മത്സ്യത്തൊഴിലാളികള്‍ക്ക് പിടി കൊടുക്കാതെ വഴുതി മാറി പോകാന്‍ ഇവയ്ക്ക് പ്രത്യേക കഴിവാണ്. മത്സ്യത്തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ഇരകളായ ട്യൂണ മത്സ്യങ്ങളുടെയും മറ്റും കൂടെ ഇവയെ കാണാറുണ്ടെങ്കിലും വേഗത്തില്‍ സഞ്ചരിക്കാനുള്ള ഇവയുടെ ശേഷി മൂലം വലയില്‍ കുടുങ്ങാറില്ല. 

പരന്ന ശരീരമാണ് ഇവയുടെ പ്രത്യേകത. നിറമാണ് മറ്റൊരു പ്രത്യേകത. ശരീരത്തിന്റെ പകുതി ഭാഗം തിളങ്ങുന്ന ചാരനിറത്തിലും ബാക്കി ഭാഗം ഓറഞ്ചു നിറത്തിലുമാണ്. ചിറകുകള്‍ക്കും വാലിനും കടുത്ത ഓറഞ്ച് നിറമാണ്. ശരീരത്തില്‍ വെള്ള പൊട്ടുകളുമുണ്ട്.സമുദ്രത്തിലെ ഏക സമ്പൂര്‍ണ ഉഷ്ണരക്തമുള്ള മത്സ്യമാണ് മൂണ്‍ ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍.അതിവേഗവും നല്ല കാഴ്ചാശക്തിയുമുള്ള സമുദ്രത്തിലെ മികച്ച വേട്ടക്കാരില്‍ ഒരാളായ മൂണ്‍ ഫിഷിനെ ഫിലിപ്പീന്‍സിലെ സമുദ്ര മേഖലയിലാണ് സാധാരണയായി കാണുന്നത്. പ്രായപൂര്‍ത്തിയായ ഒപാ ഫിഷിന് 90 കിലോയോളം തൂക്കമുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now