ഡെല്‍റ്റ പ്ലസിന്റെ ഉത്ഭവം നേപ്പാളില്‍ ?; അമേരിക്കയില്‍ 85 പേര്‍ക്ക് സ്ഥിരീകരിച്ചു, 11 രാജ്യങ്ങളില്‍ വൈറസ് ബാധ കണ്ടെത്തി

നിലവിലെ പ്രവണത തുടര്‍ന്നാല്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST
Edited by :migrator

വാഷിങ്ടണ്‍ : അതീതീവ്ര വ്യാപനശേഷിയുള്ളതെന്ന് വിലയിരുത്തപ്പെടുന്ന കോവിഡിന്റെ പുതിയ വകഭേദം ഡെല്‍റ്റ പ്ലസിന്റെ ഉത്ഭവം നേപ്പാളില്‍ നിന്നെന്ന് നിഗമനം. ഒരു സംഘം അമേരിക്കന്‍ ഗവേഷകരാണ് പുതിയ വൈറസിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം ഉത്ഭവ കേന്ദ്രം ഇന്ത്യയാണെന്നും, അതല്ല യൂറോപ്പ് ആണെന്നും ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായമുയരുന്നുണ്ട്. 

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപിച്ച ഡെല്‍റ്റ വകഭേദത്തിന് മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഡെല്‍റ്റ പ്ലസ് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതീവ വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന ഡെല്‍റ്റ പ്ലസ് അമേരിക്കയിലും പടരുകയാണ്. അമേരിക്കയില്‍ 85 പേരില്‍ ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

കാലിഫോര്‍ണിയ, കണക്ടിക്കട്ട്, മെരിലാന്‍ഡ്, ന്യൂയോര്‍ക്ക്, ടെന്നസി, വെര്‍മോണ്ട്, വാഷിങ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ, ബ്രിട്ടന്‍, കാനഡ, ജപ്പാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, തുര്‍ക്കി എന്നിങ്ങനെ 11 രാജ്യങ്ങളിലായി 197 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

നേപ്പാള്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ അഞ്ചുപേരിലാണ് ബ്രിട്ടനില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. അതേസമയം പുതിയ വൈറസ് വാക്‌സിന്റെ ഫലശേഷിയെ ചെറുക്കുന്നതോ, അതിവേഗം പടരുന്നതോ ആണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. 

അതിനിടെ, കൊറോണ വൈറസിന്റെ ആല്‍ഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.  ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ധിച്ച വൈറസ് വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടര്‍ന്നാല്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറിയേക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now