'ഇതേത് ലോകത്താണ്?', മുജ്തബയെ കാണാമെന്ന ട്രംപിന്‍റെ നിര്‍ദേശം തള്ളി ഇറാന്‍

വിഷയത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിക്കണമെന്നും യഥാര്‍ത്ഥലോകത്ത് ജീവിക്കുകയും ചിന്തിക്കുകയും വേണമെന്നും അരാഗ്ച്ചി പ്രതികരിച്ചു.

Trump says it would be an honor to meet Mojtaba Khamenei; Iranian Foreign Minister mocks, saying we live in the real world
പ്രതീകാത്മക ചിത്രം AI Generated
Edited by :ചന്ദ്ര സ്വസ്തി
Last Updated :6 ജൂൺ 2026, 3:17 pm IST

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. വിഷയത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിക്കണമെന്നും യഥാര്‍ത്ഥലോകത്ത് ജീവിക്കുകയും ചിന്തിക്കുകയും വേണമെന്നും അരാഗ്ച്ചി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് ഇറാനുമായി ധാരണയിലെത്താന്‍ സഹായകമാകുമെങ്കില്‍ മുജ്തബ ഖമേനിയെ കാണാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞത്. അദ്ദേഹത്തെ കാണാനവസരമുണ്ടായാല്‍ അതൊരു ബഹുമാനമായി കണക്കാക്കുമന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചിരുന്നു.

എന്നാല്‍ നിര്‍ദേശത്തോട് ഇറാന്‍ ഭരണകൂടം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ട്രംപിന്റെ പ്രതികരണം ശ്രദ്ധിച്ചിരുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ അത്തരം കൂടിക്കാഴ്ചകളെക്കുറിച്ച് ചിന്തിക്കും മുന്‍പ് യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടതുണ്ടെന്നും അരാഗ്ച്ചി പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം ഇപ്പോഴും സംഘര്‍ഷഭരിതമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്നവരാണെന്നും അരാഗ്ചി പറഞ്ഞു.

മധ്യപൂര്‍വേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സൈനിക സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ട്രംപിന്റെ കൂടിക്കാഴ്ചാ നിര്‍ദേശം നയതന്ത്ര മുന്നേറ്റത്തിനുള്ള സൂചനയാണോ അതോ രാഷ്ട്രീയ സന്ദേശം മാത്രമാണോ എന്ന ചര്‍ച്ചകളും ശക്തമാണ്. എന്നാല്‍ ഇറാന്റെ പ്രതികരണത്തില്‍ വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായേക്കാനുള്ള സാധ്യതയാണുള്ളത്.

ഹോര്‍മുസ് കടലിടുക്കിന് സമീപത്തേക്ക് ഇറാന്‍ ആക്രമണ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്ന് അവ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചിരുന്നു. ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഗൊരുക്കിലെയും ഖേഷ്മ് ദീപിലെയും ഇറാനിയന്‍ തീരദേശ നിരീക്ഷണ റഡാര്‍ സൈറ്റുകളും ആക്രമിച്ചന്നൊണ് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. യുഎസ് നടപടികള്‍ക്ക് മറുപടിയായി കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു.

News Now

Summary

Trump says it would be an honor to meet Mojtaba Khamenei; Iranian Foreign Minister mocks, saying we live in the real world

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates