ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍.

UAE’s first flying taxi trials to begin in july
പറക്കും ടാക്‌സിSource by : എക്‌സ്
Last Updated :21 May 2025, 12:29 pm IST

News Now

അബുദാബി: യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍.

ഭൂമിയില്‍നിന്നും 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തിലാകും പറക്കുക. ഇതിനായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പ്രത്യേക വ്യോമപാത ഒരുക്കിയെന്നും അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ സിഇഒ ആദം ഗോള്‍ഡ്സ്റ്റീന്‍ പറഞ്ഞു.

കാറില്‍ ഒന്നര മണിക്കൂര്‍ എടുക്കുന്ന യാത്രയ്ക്ക് ഫ്‌ലൈയിങ് ടാക്‌സിയില്‍ 10 മുതല്‍ 20 മിനിറ്റ് മതി. നഗരത്തിനുള്ളിലെ സേവനത്തിന് കുറഞ്ഞത് 300 ദിര്‍ഹമാണ് നിരക്ക്. യുഎഇയില്‍ സര്‍വീസ് നടത്തുന്ന പറക്കും ടാക്‌സിയുടെ മാതൃക കമ്പനി പ്രദര്‍ശിപ്പിച്ചു. അഡ്നെക് സെന്ററില്‍ എത്തിയാല്‍ സന്ദര്‍ശകര്‍ക്ക് പറക്കും ടാക്‌സിയുടെ മാതൃക നേരിട്ട് കാണാന്‍ കഴിയും.

അബുദാബി മിനാ സായിദിലെ ക്രൂസ് ടെര്‍മിനല്‍ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ടാക്കുന്നതിനുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ രൂപകല്‍പ്പന ജിസിഎഎ അംഗീകാരിച്ചു. ഒരേസമയം ഹെലികോപ്റ്റര്‍, ഫ്‌ലൈയിങ് ടാക്‌സി എന്നിവയ്ക്ക് സര്‍വീസ് നടത്താന്‍ അനുയോജ്യമായ വിധത്തിലാണ് നവീകരണം. പറക്കും ടാക്‌സി സേവനം സംബന്ധിച്ച് ആര്‍ച്ചര്‍ ഏവിയേഷനുമായി കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ദുബായിലെയും അബുദാബിയിലെയും നിര്‍ണായക സ്ഥലങ്ങളില്‍ എയര്‍ ടാക്‌സി സേവനത്തിനാവശ്യമായ വെര്‍ട്ടിപോര്‍ട്ടുകളും നിര്‍മിക്കും. ആദ്യഘട്ടത്തില്‍ അബുദാബിക്കുള്ളിലാണ് സേവനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates