ഇതെന്റെ കല്ലറ - കൂടല്‍ ഷാജി എഴുതിയ കവിത

കൂടല്‍ ഷാജി എഴുതിയ കവിത

malayalam poem
കൂടല്‍ ഷാജി എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :11 ഏപ്രിൽ 2026, 9:57 am IST

വീണ്ടും

അരണ്ട വെളിച്ചത്തില്‍

കല്ലറകള്‍ തിരയുകയാണ്

അപ്പന്റെ,

അമ്മയുടെ,

ഉറ്റവരുടെയൊക്കെ.

ഓരോയിടത്തും

നെടുവീര്‍പ്പടക്കി

മെഴുകുതിരി

കത്തുമ്പോള്‍

കാടു പടര്‍ന്നിറങ്ങിയ

ഇരുളിലുറങ്ങുന്ന

കല്ലുകള്‍ക്കടിയില്‍ നിന്നു

പെട്ടെന്നൊരു ശബ്ദം

'ഇതെന്റെ കല്ലറ '

കത്തിച്ച തിരി

കയ്യിലിരുന്നു വിറച്ചു.

അന്നൊരിക്കല്‍

ഉയിര്‍പ്പു ഞായറിലെ

ഭയാനകമായ

പാതിരാത്രിയില്‍

കൂട്ടുകാരികള്‍ക്കൊപ്പം

ഓര്‍മ്മക്കല്ലറകള്‍ തിരഞ്ഞ്

ഓരോയിടത്തും

മെഴുകുതിരി കത്തിച്ച്,

'ഇതാരുടെ കല്ലറ, ഇതാരുടെ കല്ലറ'

എന്നു ചോദിച്ചു നടക്കെ

കല്ലറക്കെട്ടില്‍ നിന്ന് ഉറക്കെ ഒരുത്തരം

'ഇതെന്റെ കല്ലറ.'

പിന്നെ യാതൊന്നും ഓര്‍മ്മയില്ല

നിലവിളിച്ച്

ചിതറിയോടുന്നവര്‍ക്കിടയില്‍

ബോധമറ്റ് ...

എപ്പോഴോ,

ബോധം തെളിഞ്ഞുണരുമ്പോള്‍

അവന്റെ മേല്‍

കൈ ചൂണ്ടി

ഇവനാണ്...ഇവനാണ്

ഇവന്‍ തന്നെയാണെന്ന്

ആക്രോശിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന്

അപ്പന്റെ

ചെകിട്ടത്തടിയേറ്റ്

അവന്‍

തളര്‍ന്നു പോയി

പിറ്റേന്ന്

ഇടവഴിയുടെ ഓരം ചേര്‍ന്ന്

മുഖത്തു നോക്കാനാവാതെ

നടന്നടുക്കുമ്പോള്‍

പെട്ടെന്ന്

തെണുത്തുവീര്‍ത്ത

കവിള്‍ത്തടങ്ങള്‍ കണ്ട്

കണ്ണുനിറഞ്ഞു.

'വല്ലാതെ വേദനിച്ചു...ല്ലേ ?'

'വെറുതെ ഒന്ന് പേടിപ്പിക്കാനായിരുന്നു'

പിന്നെ

വേദനയും ഭയവും ഒന്നായി ഉരുകിയുരുകിയൊരു

തിരിവെട്ടമായി

എന്നോ

കത്തിയണഞ്ഞു.

ഇന്നിപ്പോള്‍

കയ്യിലിരുന്നു വിറയ്ക്കുന്ന

തിരിയില്‍ തെളിയുന്നു

തെണുത്തു വീണ കവിള്‍ത്തടങ്ങള്‍!

ഉറക്കെ എവിടെ നിന്നോ ഒരുത്തരം

ഇതെന്റെ കല്ലറ !

നിങ്ങളുടെയും

News Now

Summary

Malayalam poem written by Koodal Shaji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates