
പോകുന്ന വഴിയിലെ തംബുരു കൊട്ടകയില്‍ സിനിമയുടെ വലിയ പടം, 'രതിനിര്‍വേദം'
രതി - അന്‍സര്‍ എഴുതിയ കഥ

ഒരു പേരുകൊണ്ട് എങ്ങനെയാണ് ഒരാള്‍ മോശക്കാരിയാകുക? പേരുകൊണ്ട് എങ്ങനെയാണ് ഒരാളെ വിലയിരുത്തുക? അറിയില്ല.
'എന്താ മോളെ നിന്റെ പേര്?'
'രതി'
ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മുഖഭാവം മാറുന്നത് അവള് ശ്രദ്ധിച്ചിരുന്നു. അതിനുമാത്രം എന്തായിരുന്നു ആ പേരിലെന്ന് അവള് പരതി. അതിന്റെ ആദ്യപടി അവളുടെ അമ്മയില്‍ നിന്ന് തന്നെ തുടങ്ങി .
'അമ്മേ... എന്റെ പേരിനെന്താണ് കുഴപ്പം? ചിലരോടൊക്കെ പേര് പറയുമ്പോള്‍ അവര്‍ എന്തോ ഉള്ളില്‍ എന്നെ കളിയാക്കുന്നതുപോലെ. അതെന്താണമ്മേ... എന്റെ പേര് മോശമായതുകൊണ്ടാണോ?'
മകളുടെ പരാതിയില്‍ ആ അമ്മയുടെ മറുപടി അവളെ മുഷിപ്പാക്കരുതെന്ന് അറിയാമായിരുന്നു.
'മോളെ... അങ്ങനെ ഒരു മോശപ്പെട്ട പേരും ലോകത്തില്ല. എന്റെ മോളുടെ പേരും മോശമല്ല'
'അപ്പോള്‍ എന്തിനാണ് അവര്‍ അങ്ങനെ ചെയ്യുന്നത്? എന്താണ് എന്റെ പേരിന് അര്‍ഥം?'
അവളുടെ നിഷ്കളങ്കതയുടെ മുന്പില് ആ അമ്മ മനസ്സ് തുറന്നു. ആ മകളെ മടിയിലേക്ക് ചേര്‍ത്തിരുത്തികൊണ്ട് ആ അമ്മ പറഞ്ഞു തുടങ്ങി.
'മോളെ... ഒരു പേരിന് പല അര്‍ത്ഥങ്ങളും കാണും. നല്ലതും മോശവും അര്‍ഥങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെയുള്ള പേരുകളില്‍ പക്ഷെ ആരും നല്ലതിനെ വേര്‍തിരിച്ചെടുക്കാറില്ല. മോളുടെ പേരിലും അങ്ങനെ വല്ലതും ഉണ്ടായേക്കാം. പക്ഷെ നമ്മള് നല്ലതിനെ മാത്രം സ്വീകരിച്ചാല്‍ മതി.'
അമ്മയുടെ വാക്കുകള്‍ അവളെ ആഴത്തില്‍ ചിന്തിപ്പിക്കുകയും അവളില്‍ കുറച്ചധികം സംശയങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.
'എന്റെ പേരിലെ നല്ലത് എന്താണമ്മേ?'
മകളുടെ ചോദ്യത്തിന് ആ അമ്മ പറയുവാന്‍ തുടങ്ങി.
'കാമത്തിന്റെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവനായ കാമദേവന്റെ പത്നിയാണ് രതീദേവി. അതുകൊണ്ടുതന്നെ രതീദേവിയെ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ദേവതയായിട്ടാണ് കണക്കാക്കുന്നത്.'
അമ്മ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തുടര്‍ന്നു:
'എന്റെ മകള്‍ സുന്ദരിയാണ്. സൗന്ദര്യമാണ് എന്റെ മോളുടെ പേരിനര്‍ത്ഥം. അത് തിരിച്ചറിയാത്തത് കൊണ്ടാണ് അവര്‍ മറ്റൊരു അര്‍ത്ഥത്തിലേക്ക് പോകുന്നത്.'
പോകുന്ന വഴിയിലെ തംബുരു കൊട്ടകയില്‍ സിനിമയുടെ വലിയ പടം. 'രതിനിര്‍വേദം'
അമ്മ പറഞ്ഞതുപോലെ ഒരേ പേരിന് പല അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്റെ പേരിനും അങ്ങനെ രണ്ട് അര്‍ഥങ്ങള്‍ ഉണ്ടെന്നും അവള് തിരിച്ചറിഞ്ഞു. അതില്‍ അമ്മ പറഞ്ഞതുപ്രകാരം നല്ലതിനെ അവള് സ്വീകരിച്ചു. അതുകൊണ്ടുതന്നെ അതിന്റെ എതിര് വശം അറിയണമെന്ന് അവള്‍ക്കാഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍ മനസ്സിനെ അവള് അമ്മയുടെ വാക്കുകള്‍ കൊണ്ട് തീ അണച്ചെങ്കിലും കാലങ്ങള്‍ കടന്നുപോകവേ ആ പേരില്‍ അവള് പിന്നെയും പിന്നെയും പരിഹാസങ്ങള്‍ നേരിട്ടു.
ഒരിക്കല്‍ സ്കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം അരിക് പിടിച്ചു നടക്കുമ്പോളായിരുന്നു രതിയുടെയും കൂട്ടുകാരുടെയും കണ്ണുകളില്‍ ആ കാഴ്ച കണ്ടത്. പോകുന്ന വഴിയിലെ തംബുരു കൊട്ടകയില്‍ സിനിമയുടെ വലിയ പടം.
'രതിനിര്‍വേദം'
ആ പേരിനൊപ്പം അവരുടെ ശ്രദ്ധ പതിഞ്ഞത് ആ വലിയ ചിത്രത്തിലേക്ക് കൂടിയായിരുന്നു. പേരിനര്‍ത്ഥം അറിയാത്തവരിലേക്ക് ആ പേരും പടവും ഒരു കാരണമായി. പോസ്റ്ററുകളില്‍ രതിച്ചേച്ചി എന്ന നാമം പിന്നീട് രതിയെ രതിചേച്ചിയാക്കി മാറ്റി. കൂടെ രതിയുടെ കൂട്ടുകാരി ശാന്തിയുടെ വാക്കുകളും.
'എടി രതീ... കുട്ടികള്‍ നിന്നെ കളിയാക്കുന്നത് സത്യമാണ്. നിന്റെ പേര് മോശമാണ്. നീ കണ്ടില്ലേ... ആ കൊട്ടകയിലെ സിനിമയുടെ ചിത്രം. അതില്‍ കുട്ടികള്‍ കാണാന്‍ പാടില്ലാത്ത എന്തൊക്കെയോ ഉണ്ട്. ഇന്നലെ എന്റെ അപ്പുറത്തെ ഗോപിയേട്ടന്റെ വീടില്ലേ... ഗോപിയേട്ടനും നമ്മളെപ്പോലെ പത്താം ക്ലാസിലാ... ഗോപിയേട്ടന് ആരും കാണാതെ ആ സിനിമയ്ക്ക് പോയെന്ന്. അത് ഗോപിയേട്ടന്റെ അച്ഛന് അറിഞ്ഞുപോലും. ഗോപിയേട്ടനെ പൊതിരെ തല്ലീട്ടുണ്ട്. കരച്ചിലിന്റെ ഒച്ച എവിടെ കേള്‍ക്കാമെന്നോ...? ന്നോടും അമ്മ പറഞ്ഞ്.'
അതെന്താണെന്നുള്ള രീതിയില്‍ രതി അവളുടെ തുടര്‍ച്ചക്കായി കാത്തിരുന്നു.
'ആ വീട്ടിക്ക് ഇനി പോണ്ടെന്നും ഗോപിയേട്ടനുമായി മിണ്ടരുതെന്നും.'
ഒരു നിശ്വാസത്തിന് ശേഷം ശാന്തി തുടര്‍ന്നു.
'ഇപ്പോള്‍ മനസ്സിലായില്ലേ... എന്തോ മോശമായത് ഉള്ളതുകൊണ്ടല്ലേ ഗോപിയേട്ടനെ അവര്‍ തല്ലിയത്. പിന്നെ നീയും കണ്ടതല്ലേ... ആ വഴിയരികുകളിലെ ചിത്രങ്ങള്‍.'
രതിക്ക് അതിന് മറുപടിയൊന്നും ഇല്ലായിരുന്നു. സ്കൂള്‍ വിടുന്നതുവരെ അവള് അതുതന്നെ അയവിറക്കികൊണ്ടിരുന്നു. ക്ലാസ് കഴിഞ്ഞുകൊണ്ട് പതിവുപോലെ വഴിയരിക് ചേര്‍ന്നുനടക്കുമ്പോള്‍ അവള് ആ ചിത്രങ്ങളിലേക്ക് നോക്കിയില്ല. തംബുരു കൊട്ടകയുടെ മുന്‍പിലൂടെ നടക്കുമ്പോള്‍ പടം കഴിഞ്ഞിറങ്ങിയവരും പടം കാണാന്‍ തിരക്ക് കൂട്ടുന്നവരും അവളുടെ നോട്ടത്തില്‍ പതിഞ്ഞു. ഒപ്പം കണ്ടിറങ്ങിയവരുടെ അടക്കം പറച്ചിലുകളും.
'നല്ല പടം എനിക്കിഷ്ടായി. എന്താ അഭിനയം. ന്തായാലും ഒന്നൂടെ പോയി കാണണം.'
'ബുക്ക് ഞാന്‍ മുന്‍പ് വായിച്ചതാ... പക്ഷെ പടത്തില്‍ കുറച്ചു വ്യത്യാസം ഒക്കെ ഉണ്ട് അല്ലണ്ണാ...'
'അത് പിന്നെ അങ്ങനെ അല്ലേടാ വരുക. പടം ആകുമ്പോ കൊറച്ച് എരിവും പുളിയുമൊക്കെ ചേര്‍ത്താലല്ലേ അതിനൊരു ഹരം ഒള്ളൂ..'
'ഹ ഹ ഹ ശരിയാ അണ്ണാ..'
അമ്മ പറഞ്ഞത് അവള് ഒന്നുകൂടെ ഓര്‍ത്തെടുത്തു. ഇവരും ശാന്തി പറഞ്ഞ ഗോപിയേട്ടനുമൊക്കെ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അവള് മനസ്സില്‍ കുറിച്ചു. തിന്മ നന്മയെ മൂടുന്നു.
WHAT TO READ NEXT

'റേഡിയോയില്‍ നിന്റെ ശബ്ദം കേട്ടതുമുതല്‍ തുടങ്ങിയതാണ് ഈ പ്രണയം'
രതിയുടെ ജീവിതം ഓരോരോ ദിവസങ്ങളിലൂടെ കടന്നുപോയി. വിവാഹാലോചന പേരുകാരണം മുടങ്ങിപ്പോയ അവസ്ഥയും ഉണ്ടായി. അവസാനം അവളുടെ ഇരുപത്തിയഞ്ചാം വയസ്സില്‍ അവള് വിവാഹിതയായി. അവളെയെന്നപോലെ അവളുടെ പേരിനെയും ഇഷ്ടപ്പെട്ട ഒരാള്‍. ചിലപ്പോള്‍ അയാള്‍ക്ക് മാത്രമായിരുന്നിരിക്കണം അവളുടെ അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നത്.
വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ജനനവും മരണവും കടന്നുവന്നു. തന്റെ അമ്മ അച്ഛന് അങ്ങനെ ഓരോരുത്തര്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം അവള് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. മകന് പേരുവെക്കുമ്പോള്‍ രണ്ട് അര്‍ത്ഥം തന്റെ മകനില്‍ ആവര്ത്തിക്കരുതെന്നവള്ക്ക് തോന്നി.
കാലങ്ങള്ക്കനുസരിച്ചുകൊണ്ട് പലതും മാറി. എന്നാല്‍ പലതും മാറ്റാന്‍ കഴിയാതെയും നിലകൊണ്ടു. തംബുരു കൊട്ടക എന്ന് വിളിച്ചവരൊക്കെ തിയേറ്റര്‍ എന്നാക്കി പറയുവാന്‍ തുടങ്ങി. രൂപം കൊണ്ടുപോലും വ്യത്യസ്തത പലതിലും കാണാമായിരുന്നു.
തനിക്കുണ്ടായ അനുഭവം തന്റെ മകനുണ്ടാകരുതെന്ന് ആശിച്ച ആ അമ്മയുടെ പേര് തന്നെ അവനെ ബാധിച്ചു. കുട്ടിത്തം കടന്ന് കൗമാരത്തിലെത്തിയതോടെ തന്റെ അമ്മയുടെ പേര് കൂട്ടുകാരോട് പറയുവാനും പ്രോഗ്രസ്സ് കാര്‍ഡില്‍ എഴുതുവാനും അവന് മടിച്ചു. സ്കൂള്‍ വിട്ട് കൂട്ടുകാരുമൊത്ത് വഴിയരികിലൂടെ നടന്നു നീങ്ങുമ്പോളാണ് തംബുരു തിയേറ്ററിലെ ചുമരില്‍ ആ വലിയ പോസ്റ്റര്‍ അവര്‍ കണ്ടത്
33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രതിനിര്‍വ്വേദം
ആ വലിയ ചിത്രത്തോടൊപ്പം കൊച്ചു കൊച്ചു ചുമര് പോസ്റ്ററുകളും അവരുടെ ശ്രദ്ധയില്‍ പതിഞ്ഞു. അതില്‍ കണ്ട പേരുകള്കൂട്ടുകാരില് ഒരുവന് ശ്രദ്ധിക്കുകയും അവനെ നോക്കി ആ പയ്യന് ഇങ്ങനെ പറയുകയും ചെയ്തു.
'ദേടാ... നിന്റെ അച്ഛനും അമ്മയും.'
കൂടെയുള്ളവര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ അവന് തന്റെ രക്ഷിതാക്കളോട് ദേഷ്യവും വെറുപ്പും തോന്നി. അതില്‍ കൂടുതലും അവന്റെ അമ്മയോടായിരുന്നു. ആ പേരിനെ പോലെ അവന് അവന്റെ അമ്മയെയും വെറുത്തു.
വീട്ടിലേക്കോടിക്കയറിയ അവന് കണ്ട കാഴ്ച മറ്റൊന്നായിരുന്നു. തന്റെ ദേഷ്യം പറയുവാന്‍ അവന്റെ അമ്മ ഇനിയില്ല എന്ന യാഥാര്‍ഥ്യം. ഒരുപക്ഷെ മകന്റെ സങ്കടം കൂടി കാണാന്‍ വയ്യാത്തതുകാരണമായിരുന്നിരിക്കണം ആ സ്ത്രീ യാത്ര ആയത്.
വെള്ള പുതച്ച് തിണ്ണയില്‍ കിടത്തിയ രതി ഇന്നാര്‍ക്കും മോശം ആയിരുന്നില്ല. അവളുടെ പേര് കേള്‍ക്കുമ്പോള്‍ ഇന്നാരും ഉള്ളിലൊരു ചിരി ഒളിപ്പിച്ചിരുന്നില്ല.
'ആരാ... ആരാടാ മരിച്ചത്?'
'അത് നമ്മുടെ പപ്പുവിന്റെ ഭാര്യ രതി.'
മരിച്ചുകഴിഞ്ഞാല്‍ നമ്മളെല്ലാവരും നന്മ മരങ്ങളാണ്. അന്നാര്‍ക്കും ഒരു കുറ്റവും കുറവും ഉണ്ടാകില്ല. ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മരിച്ചു കഴിഞ്ഞാലാണ് കേള്‍ക്കുക. പക്ഷെ അത് കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുമില്ല. ഇനി അവര്‍ കേള്‍ക്കുന്നുണ്ടാകുമോ അറിയില്ല.
'രതി... നല്ലൊരു പെണ്ണായിരുന്നു പാവം. ആരോടും ഒരക്ഷരം മിണ്ടില്ല. നല്ലവരെ ഒക്കെ ദൈവം നേരത്തെ വിളിക്കും.'
'മ്മ് പാവം രതി.'
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Malayalam short story written by Ansar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






