
Archives|തിരുമേനി നമ്മളെ കുപ്പിയിലിറക്കുന്നു, എംപി നാരായണ പിള്ള എഴുതിയ ലേഖനം
1997 ജൂലൈ 4 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

(1997 ജൂലൈ 4 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
നമ്മളൊക്കെ അകമഴിഞ്ഞ് ആദരിക്കുന്ന ഒരു ചരിത്രപുരുഷനാണ് സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട്. എന്നു വച്ച് തിരുമേനി നമ്മളെ കുപ്പിയിലിറക്കാന്‍ ശ്രമിച്ചാലോ?
കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം എഴുതിയുണ്ടാക്കുമ്പോള്‍ ഗാന്ധിയന്മാര്ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇടയില്‍ ഒരു 'അഭിപ്രായസമന്വയം' വേണമെന്നാണ് തിരുമേനി പറയുന്നത്.
ഈ രണ്ടു വകുപ്പിലും പെടാത്തവരുടെ അഭിപ്രായം സമന്വയിക്കണ്ടേ? എല്ലാവരുടെയും അഭിപ്രായം സമന്വയിപ്പിച്ച് എല്ലാവരെയും സുഖിപ്പിച്ച് ചരിത്രമെഴുതാന്‍ പറ്റുമോ? എഴുതുന്നത് സത്യമാണെങ്കില്‍ കുറെ പേര്‍ക്ക് ഇഷ്ടമായെന്നു വരില്ല. പ്രത്യേകിച്ചും തെറ്റിദ്ധാരണകളുമായി കഴിയുന്നവര്‍ക്ക്.
നൂറു ശതമാനം സത്യമെഴുതാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.
രണ്ടു വകുപ്പിലും പെടില്ലെന്നു മാത്രമല്ല; ഈ സ്വാതന്ത്ര്യസമരം തന്നെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ച കഥയല്ലേ എന്നു സംശയിക്കുന്നവരുമില്ലേ?
WHAT TO READ NEXT

Archives|മനുഷ്യര്‍ വിഡ്ഢികളല്ല, കോണ്ഗ്രസ്സുകാര് പോലും
ഇന്ത്യക്ക് സ്വയംഭരണം കൊടുക്കണമെന്ന് 1920-കളില്‍ തന്നെ ബ്രിട്ടീഷുകാര്‍ നിശ്ചയിച്ചതാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം ഡ്യൂക് ഓഫ് കൊണാട്ട് ബ്രിട്ടീഷ് രാജാവായ ജോര്‍ജ് അഞ്ചാമന്റെ പ്രതിനിധിയായി 1921-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കോമണ്വെല്ത്തിനകത്ത് സ്വയംഭരണം എന്ന തത്വം സമ്മതിച്ചുകൊടുത്തതായിരുന്നില്ലേ? അതായത് കാനഡ പോലെ, ആസ്ത്രേലിയ പോലെ ഇന്ത്യയും സ്വതന്ത്രമാകുന്ന അവസ്ഥ. മോണ്ടേഗ്-ചെംസ് ഫോര്‍ഡ് ഭരണപരിഷ്കാരങ്ങള്‍ പരിഷ്കരിക്കാന്‍ അവസരം കൊടുക്കണമെന്ന നിലപാട് തീവ്രവാദിയായ ബാലഗംഗാധര തിലകന് പോലും എടുത്തതല്ലേ?
പിന്നെ ബാക്കിയുണ്ടായിരുന്നത് എപ്പോള്‍, എങ്ങനെ, ആര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കും എന്നതുമാത്രമായിരുന്നു. ഈ രണ്ടാംഘട്ടത്തെ സ്വാതന്ത്ര്യസമരമായി പരിഗണിക്കാമോ? അതോ സ്വാതന്ത്ര്യസമരക്കാര്ക്കിടയിലെ കിടമത്സരമായി കാണണോ?
ആരും സമരം ചെയ്തില്ലായിരുന്നെങ്കില്‍ പോലും സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്ന സത്യവും നമ്മള് മറക്കരുത്
മോണ്ടേഗ്-ചെംസ് ഫോര്‍ഡ് ഭരണപരിഷ്കാരങ്ങളുടെ ഫലമായി ക്രമമായി സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന സിനേറിയോ തുടര്ന്നിരുന്നെങ്കിലോ? ഇന്ത്യയുടെ വിഭജനം ഒരുപക്ഷേ, ഒഴിവാക്കാമായിരുന്നില്ലേ? പാകിസ്ഥാന് എന്ന ആശയം 1920-കളില്‍ പ്രചരിച്ചിരുന്നില്ല. അപ്പോള്‍ ഇന്ത്യയുടെ വിഭജനത്തിനുത്തരവാദികള്‍ 1921-ന് മുന്‍പ് സ്വാതന്ത്ര്യസമരം നടത്തിയിരുന്നവരോ അതോ അതിനുശേഷം സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തവരോ?
ഗാന്ധിജിയുടെ നേതൃത്വം ധാര്‍മ്മികമായി ഇന്ത്യയെ ഉയര്‍ത്തി. നമുക്ക് പുതിയ ആദര്‍ശങ്ങളം വിശ്വാസങ്ങളും തന്നു. നമ്മളെ കുറച്ചുകൂടി നല്ല മനുഷ്യരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവെന്ന നിലയ്ക്കുള്ള ഗാന്ധിജിയുടെ ചെയ്തികള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട സമയം ആയിരിക്കുന്നു. വിഭജനത്തിന്റെ ഉത്തരവാദിത്വം മുന്‍കൂറായി ജിന്നയുടെയും ലീഗിന്റെയും പുറത്ത് കെട്ടിവയ്ക്കുന്ന നമ്മുടെ മാനസികാവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം ഈ പരിശോധന പറ്റില്ല.
WHAT TO READ NEXT

Archives|ബഷീറിന്റെ വിശ്വാസം; ഒരോര്‍മ്മക്കുറിപ്പ്
ആരും സമരം ചെയ്തില്ലായിരുന്നെങ്കില്‍ പോലും സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്ന സത്യവും നമ്മള് മറക്കരുത്. രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടെ കോളനിവാഴ്ച നഷ്ടക്കച്ചവടമായി മാറി. കൂടുതല്‍ കോളനികള്‍ ഭരിച്ചിരുന്ന പോര്‍ട്ടുഗല്ലും സ്പെയിനുമൊക്കെ യൂറോപ്പിലെ ദരിദ്ര രാഷ്ട്രങ്ങളായി മാറാന്‍ തുടങ്ങി. ഒരു കോളനിയുമില്ലാതിരുന്ന സ്കാന്റേനേവിയന് രാജ്യങ്ങളും മറ്റും സമ്പന്നമാകാനും. സാമ്പത്തിക ബന്ധങ്ങളില്‍ വരാന്‍ തുടങ്ങിയ ഈ മാറ്റം സ്വയം കോളനിവാഴ്ച എന്ന ആശയം ഇല്ലാതാക്കുമായിരുന്നില്ലേ? കാലം എത്രമാറി? സോമാലിയായും റുവാണ്ടയും ബുറുണ്ടിയുമൊക്കെ കോളനിയാക്കി ഭരിച്ചോളാന്‍ ഐക്യരാഷ്ട്രസഭ കരാറെഴുതിക്കൊടുത്താല് പോലും ഇക്കാലത്ത് ഏറ്റെടുക്കാന്‍ ആളെ കിട്ടില്ല.
ലോക സാമ്പത്തിക ബന്ധങ്ങളില്‍ വന്ന മാറ്റം ഒന്നുകൊണ്ടു മാത്രം ഇന്ത്യ സ്വതന്ത്രമാകുമായിരുന്നില്ലേ? നാലു വര്‍ഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പോലും.
അപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യത്തിനൊരു പരിധി നമ്മള് കല്പിക്കണം. അതിന് തയ്യാറാകാതെ ഒരു വികാരത്തെ അന്ധമായി ഊതിപ്പെരുപ്പിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുകയല്ലേ നമ്മളിന്ന് ചെയ്യുന്നത്?
മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇന്ത്യയുടെ മൊത്ത സ്വാതന്ത്ര്യസമരത്തില്‍ കാര്യമായൊരു പങ്കും ഇല്ലായിരുന്നു. കാരണം, റോഡിലിറങ്ങാന്‍ അവര്ക്കാളില്ലായിരുന്നു. പക്ഷേ, ഗാന്ധിജിക്ക് കാണിക്കാന്‍ പറ്റിയതിലും ഉല്‍ക്കൃഷ്ടമായ ചില ധാര്‍മ്മികമൂല്യങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിച്ചു - ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ കാര്യത്തില്‍.
ശരിയായി ചെയ്ത ഒരു കാര്യം പോലും 'തെറ്റായിരുന്നു' എന്ന് പിന്നീട് കണ്ടുപിടിച്ച് മാപ്പു പറയുന്ന വര്‍ഗമായി ചരിത്രത്തിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണക്കാര്‍
നാത്സി ക്രൂരതയ്ക്കെതിരെ ലോകം മുഴുവന്‍ ബേജാറായിരുന്ന കാലത്ത് കോണ്‍ഗ്രസ് പാസ്സാക്കിയ പ്രമേയം ഇന്ത്യാക്കാരുടെ ധാര്‍മ്മിക മൂല്യങ്ങളുടെ പുറത്ത് ഒരു കളങ്കമായി പതിച്ചു. ഒരുവിധത്തിലും ആ പ്രമേയത്തെ ന്യായീകരിക്കാന്‍ പറ്റുന്നില്ല. തല്‍ഫലമായി ജര്‍മനി ഇംഗ്ലണ്ട് കീഴടക്കിയിരുന്നെങ്കില്‍ ലോകചരിത്രം തന്നെ മാറുമായിരുന്നു. നാത്സിസത്തിനെതിരെയുള്ള ലോകസഖ്യത്തിന്റെ ഭാഗമാകാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സാധിച്ചത് അവരുടെ ചരിത്രത്തില്‍ തങ്കലിപികള്‍കൊണ്ട് എഴുതേണ്ട കാര്യമല്ലേ?
എന്തുഫലം? ശരിയായി ചെയ്ത ഒരു കാര്യം പോലും 'തെറ്റായിരുന്നു' എന്ന് പിന്നീട് കണ്ടുപിടിച്ച് മാപ്പു പറയുന്ന വര്‍ഗമായി ചരിത്രത്തിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണക്കാര്‍. സ്വന്തം യോഗ്യത പോലും കാണാന്‍ കഴിവില്ലാത്തവരെ ചരിത്രമെഴുത്തിന്റെ ചുമതല ഏല്പിക്കാന് പറ്റുമോ?
കേരളത്തിലെ സ്വാതന്ത്ര്യസമരം എടുത്താലോ? നാട്ടുരാജ്യങ്ങളിലെ സ്വാതന്ത്ര്യസമരത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയുടെ അഭിപ്രായം വേറെയായിരുന്നു. ദേശീയ സമരത്തിന്റെ ഭാഗമായിരുന്നു എന്നവകാശപ്പെട്ടിരുന്ന സമരം കേരളത്തില്‍ നടന്നിട്ടുണ്ടെങ്കിലത് മലബാറില്‍ മാത്രമായി ഒതുങ്ങി.
അതില്‍ തന്നെ 1920-ന് മുമ്പും പിമ്പുമുള്ള സമരങ്ങള്‍ക്ക് വ്യത്യാസമില്ലേ? മാപ്പിള ലഹള കര്‍ഷകസമരമോ സ്വാതന്ത്ര്യ സമരമോ വെറും വര്‍ഗ്ഗീയ കലാപമോ? അതില്‍ എല്ലാം കുറേശ്ശെ കുറേശ്ശെയുണ്ടായിരുന്നു. എല്ലാംകൂടി കൂടിച്ചേര്‍ന്ന ഒരു മിശ്രിതമല്ലേ സത്യം?
മറ്റൊന്ന് മാതൃഭൂമി ദിനപത്രത്തിനു ചുറ്റും സംഘടിച്ചവരാണ്. ഇവരെപ്പറ്റി രാജേന്ദ്രപ്രസാദിന്റേയും സര്‍ദാര്‍ പട്ടേലിന്റേയും പുരുഷോത്തംദാസ് ടണ്ടന്റെയും അഭിപ്രായം തിരക്കിയിട്ടുണ്ടോ? കോണ്‍ഗ്രസ്സിനകത്തെ നെഹ്റു ഗ്രൂപ്പിന്റെ വക്താക്കളായിരുന്നില്ലേ ഇവര്‍? മുഖ്യധാരയില്‍ ഇവര്‍ പെട്ടിരുന്നോ? പല തെറ്റിദ്ധാരണകളും തിരുത്തേണ്ട സമയമായിരിക്കുന്നു. ഇതിനുമപ്പുറം തര്‍ക്കവിഷയമായ കാര്യങ്ങള്‍ വേറെയും കിടക്കുന്നു.
പ്രിന്‍സ് ഓഫ് വെയില്‍സിന് സ്വാതന്ത്ര്യ സമരക്കാര്‍ കൊടുത്തിരുന്ന സ്വീകരണമായിരുന്നോ മഹാകവി കുമാരനാശാന് കൊടുത്ത അംഗീകാരമായിരുന്നോ ശരിയായ നടപടി? തിരുവിതാംകൂര്‍ സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നാടിന്റെ താല്പര്യത്തിനുവേണ്ടി നിലനിന്നത് സി.പി. രാമസ്വാമി അയ്യരായിരുന്നോ അതോ അദ്ദേഹത്തെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവരോ?
നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാനായി സര്‍ദാര്‍ പട്ടേലും പി. മേനോനും കൂടി തയ്യാറാക്കിയ രേഖയില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ പ്രതികൂലമായി ബാധിക്കുന്ന കാതലായ പ്രശ്നമായിരുന്നു ദിവാന് സര്. സി.പി. ചൂണ്ടിക്കാണിച്ചത്. വാണിജ്യത്തിനു മുന്‍തൂക്കമുള്ള തിരുവിതാംകൂറിന്റെ അറുപതു ശതമാനം നികുതി വരുമാനമാണ് കസ്റ്റംസ് വകുപ്പ് കേന്ദ്രത്തിനെഴുതി കൊടുക്കുമ്പോള്‍ നഷ്ടപ്പെടുക. അതിനുവേണ്ടി വിലപേശാന്‍ നിന്ന സി.പി. രാമസ്വാമി അയ്യരെ വില്ലനാക്കി മാറ്റുകയും അദ്ദേഹത്തിനെ വെട്ടിയ കൊലപാതകികളെ യോഗ്യന്മാരാക്കി കൊണ്ടാടുകയും ചെയ്ത ചരിത്രമെഴുത്തു പാരമ്പര്യമാണ് മലയാളികളുടെ.
സര്‍ക്കാരിന്റെ അദ്ധ്യക്ഷതയില്‍ ചരിത്രമെഴുതാനുള്ള ഏതു ശ്രമവും ആപല്‍ക്കരമാണ്. ഇടതുമുന്നണി ഭരിച്ചാലും വലതുമുന്നണി ഭരിച്ചാലും. ഇ.എം.എസിന്റെ സ്ഥാനത്ത് സാക്ഷാല്‍ ധര്‍മ്മപുത്രര്‍ മേല്‍നോട്ടം വഹിച്ചാലും ചരിത്രം സത്യസന്ധമാകില്ല. നുണയുടെ പല മുഖങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ നേരെ ടോര്ച്ചടിക്കാന് മാത്രമേ ഈ സംരംഭം സഹായിക്കൂ.
പിന്നെന്തിനീ പണിക്കിറങ്ങി പുറപ്പെടണം?
അധികാരത്തിലിരിക്കുന്നവര്ക്കെക്കാലത്തും ചരിത്രം ഒരു പേടിസ്വപ്നമാണ്. വരും തലമുറകള്‍ തങ്ങളുടെ ചെയ്തികള്‍ എങ്ങനെയായിരിക്കും കാണുക എന്ന പേടി. അത്തരക്കാര്‍ ചരിത്രമെഴുത്തു സംഘടിപ്പിക്കുന്നതില്‍ സ്ഥാപിത താല്പര്യങ്ങള് സ്വാഭാവികമാണ്.
മുസ്ലിംലീഗ് കോണ്‍ഗ്രസ്സുകാരോടടുത്താല്‍ മാപ്പിള ലഹളയെ തിരുമേനി വര്‍ഗ്ഗീയ കലാപമാക്കും. മുസ്ലിംലീഗ് കമ്യൂണിസ്റ്റുകാരോടടുത്താല്‍ മാപ്പിള ലഹളയെ കര്‍ഷകസമരമാക്കി മാറ്റും
ഒരാള്‍ പ്രൊഫഷണല്‍ ചരിത്രകാരനായതുകൊണ്ടുമാത്രം സത്യം എഴുതിക്കൊള്ളണമെന്നില്ല. വ്യക്തിപരമായ സ്ഥാപിത താല്പര്യങ്ങള് പലപ്പോഴും എഴുത്തിനെ സ്വാധീനിക്കും. ഒരേ നാട്ടുകാരായ രണ്ടു ക്രിസ്ത്യാനികള്‍ ഒരേതരം ജോലി ഒരേ കുടുംബത്തില്‍ ചെയ്തിരുന്നു. പ്രധാനമന്ത്രി നെഹ്റുവിന്റെ വീട്ടിലെ കാര്യസ്ഥനായിരുന്ന എം.ഒ. മത്തായിയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ കണക്കെഴുത്തുകാരനായിരുന്ന ഡോ. പി.സി. അലക്സാണ്ടറും. ഇതില്‍ മത്തായിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ചരിത്രരേഖയായി മാറി. അലക്സാണ്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍ വാലിയം-5 ആയി മാറി. അഞ്ചു പേജു വായിച്ചാല്‍ നമ്മള് ഗാഢനിദ്രയില്‍ വീഴും. അക്ഷരങ്ങളില്‍ വ്യക്തിപരമായ താല്പര്യങ്ങള് സൃഷ്ടിക്കുന്ന ആപത്താണത്.
യഥാര്‍ത്ഥ ചരിത്രം ഇതെല്ലാം ചേരുന്നതാണ്. ഭൂതകാലത്തെപ്പറ്റി വ്യത്യസ്തരായ മനുഷ്യര്‍ തികച്ചും വ്യത്യസ്തമായ അസംബന്ധം എഴുതി വയ്ക്കുന്നു. അതെല്ലാം വായിച്ചിട്ട് ബുദ്ധിയുള്ള വായനക്കാര്‍ ഓരോരുത്തരും അവരുടെ സ്വന്തം സത്യത്തിലേക്ക് എത്തിച്ചേരുന്നു.
ഈ പ്രക്രിയയില്‍ ഗവണ്മെന്റിന് ചെയ്യാന്‍ ഒരു പണി മാത്രമേയുള്ളൂ. ചരിത്രമെഴുതാനുള്ള 'റാ മെറ്റീരിയല്‍' അല്ലെങ്കില്‍ അസംസ്കൃത വസ്തുക്കള്‍ കാണാനവസരം എഴുത്തുകാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക. അതിനകത്ത് കളിയില്‍ കളി കളിക്കാതിരിക്കുക. അത്തരം ദാരുണമായ കളിക്ക് ഒരുദാഹരണം വേണമെങ്കില്‍ ജവര്‍ഹര്‍ലാല്‍ നെഹ്റുവിന്റെ കത്തുകള്‍ ഡോ. സര്‍വ്വപ്പള്ളി ഗോപാല്‍ എഡിറ്റു ചെയ്ത് ഇറക്കിയ ബൃഹത് ഗ്രന്ഥപരമ്പര വായിക്കാം. കാതലായ കത്തുകളൊക്കെ മാറ്റിയിരിക്കുന്നു. ആ ഗ്രന്ഥശേഖരം ചേര്‍ത്തുവച്ച് മുകളിലൊരു തുണി വിരിച്ച് ഒരു സ്റ്റൂളായിട്ട് ഞാന്‍ വീട്ടില്‍ ഉപയോഗിക്കുന്നു! വായിക്കാന്‍ കൊള്ളില്ലെങ്കിലും ഇരിക്കാന്‍ കൊള്ളാം.
ചരിത്രം അഭിപ്രായങ്ങളുടെ സമന്വയമല്ല സത്യാന്വേഷണമാണ്. അന്വേഷണത്തിന്റെ സുഖം ഒരിക്കലും യഥാര്‍ത്ഥ സത്യത്തില്‍ നമ്മളാരും എത്തിച്ചേരില്ലെന്നതുമാണ്. അന്വേഷണം തന്നെ ഒരുതരം കളിയാണ്. ആ കളി ഏറ്റവും ഭംഗിയായി കളിക്കാനറിയാവുന്ന ഒരു നേതാവ് ഈ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് തിരുമേനിയുമാണ്.
ഓര്‍ക്കുന്നുണ്ടോ തിരുമേനിയുടെ പഴയ ലൈന്‍? ആദ്യകാലത്ത് മുസ്ലിംലീഗ് കോണ്‍ഗ്രസ്സുകാരോടടുത്താല്‍ മാപ്പിള ലഹളയെ തിരുമേനി വര്‍ഗ്ഗീയ കലാപമാക്കും. മുസ്ലിംലീഗ് കമ്യൂണിസ്റ്റുകാരോടടുത്താല്‍ മാപ്പിള ലഹളയെ കര്‍ഷകസമരമാക്കി മാറ്റും. ചരിത്രത്തെ ഇത്ര ബുദ്ധിപൂര്‍വ്വം ആനുകാലിക രാഷ്ട്രത്തിനു വേണ്ടി ഉപയോഗിച്ച മറ്റൊരു മനുഷ്യനെ കാണിച്ചു തരാന്‍ പറ്റില്ല.
അതേ കളിയുടെ തുടര്‍ച്ചയാണ് 'അഭിപ്രായ സമന്വയം' എന്ന ലൈനില്‍ പുള്ളി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിനു മാത്രമേ പ്രായമായിട്ടുള്ളൂ. തിരുമേനിയുടെ മനസ്സ് നിത്യയൗവ്വനത്തില്‍ തന്നെ തുടരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Archive: MP Narayana Pillai writes about EMS Namboothiripad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




