മധുവില്ലാത്ത വിധുകാലം

Premium
Image of VD satheesan
വി.ഡി. സതീശന്‍Source by : Samakalika Malayalam
Last Updated :14 October 2026, 9:45 am IST

News Now

ഹണിമൂൺ എന്ന കാമോദ്ദീപകമായ ഇംഗ്ലീഷ് പദത്തിന് കാമഭാവം നഷ്ടപ്പെടുത്താതെ മധുവിധു എന്നു പരിഭാഷ നൽകിയ ഭാവനയെ നമിക്കുന്നു. ക്വഥനാങ്കം തുടങ്ങി നിരവധി സ്ഥൂലപദങ്ങളുടെ ഭാരത്തിൽ ഭാഷ ഞെരുങ്ങുമ്പോഴാണ് ഇത്തരം നല്ല പദങ്ങൾ ഉണ്ടാകുന്നത്. വിവാഹാനന്തരമുള്ള ആദ്യമാസമാണ് ആനന്ദമാസമായി കരുതപ്പെടുന്നത്. ചാന്ദ്രമാസമായതിനാൽ 28 ദിവസം. ചന്ദ്രനുമായി ബന്ധമുള്ളതിനാൽ മതിയാവോളം നീട്ടിയെടുക്കാം. ക്രിസ്മസ് ആഘോഷം 12 ദിവസം നീണ്ടുനിൽക്കും. പന്ത്രണ്ടാം ദിവസമാണ് എപിഫനി അല്ലെങ്കിൽ രാക്കുളിപ്പെരുന്നാൾ. ട്വൽഫ്‌ത് നൈറ്റ് എന്ന പേരിൽ ഷേക്‌സ്‌പിയറുടെ നാടകമുണ്ട്. തേൻനിലാവിന്റെ ലഹരിയിൽ പോരായ്മകൾ പൊറുക്കപ്പെടും; അല്ലെങ്കിൽ അറിയാതെപോകും. പുത്തൻപെണ്ണാണെങ്കിലോ മതിപ്പുണ്ടാക്കുന്നതിന് പുരപ്പുറവും തൂക്കും. തൂത്തില്ലെങ്കിൽ അടക്കംപറച്ചിലുണ്ടാകും. സാവധാനം അമ്മായിഅമ്മയും നാത്തൂനും ചേർന്ന് മധുവിധുവിന് ഔപചാരികമായ അന്ത്യം കുറിക്കും. മന്ത്രിസഭയുടെ കാര്യത്തിലും മധുവിധുവുണ്ട്. മധുവിധുവിന് കാലാവധിയുണ്ട്. മന്ത്രിസഭയുടെ കാലാവധി 2029-ൽ കാലമെത്താതെ അവസാനിച്ചേക്കുമോ എന്ന ആശങ്കയിലായിരിക്കാം മധുവിധുവിന് അനുവദിക്കപ്പെട്ട കാലത്തിലും വെട്ടിക്കുറവുണ്ടായത്. കാത്തിരുന്നാൽ കൈവിടുന്നത് വീണ്ടെടുക്കാനാവില്ല.

ആനന്ദമാസത്തിന്റെ അനുഭൂതിയിലും ആലസ്യത്തിലും സതീശനും സഹപ്രവർത്തകർക്കും ഒട്ടേറെ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. വീഴ്ചകൾ മറയ്‌ക്കേണ്ടത് പാർട്ടിയാണ്. പക്ഷേ, സതീശന്റെ കാര്യത്തിൽ എല്ലാം വിളിച്ചുപറയുന്നത് പാർട്ടിയാണ്. മുഖ്യമന്ത്രി സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ തന്റെ മുൻഗാമിയെക്കുറിച്ച് പറഞ്ഞതെല്ലാം അതേപടി ആവർത്തിക്കപ്പെടുകയാണ്. സതീശന്റെ ശൈലി മാറണമെന്നാണ് കോൺഗ്രസ്സുകാരുടെ ആവശ്യം. പിന്തുണ പിൻവലിച്ച് കാലുവാരുന്നതിനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ശൈലി മാറ്റണമെന്ന ആവശ്യം. Style is the man എന്നത് വളരെ പഴക്കമുള്ള പ്രസ്താവനയാണ്. എഴുത്തിലായാലും പ്രവൃത്തിയിലായാലും ഓരോരുത്തർക്ക് ഓരോ ശൈലി. അത് മാറ്റിയാൽ ആ ആൾ അയാളല്ലാതാകും. പിണറായി വിജയന് ഒരു ശൈലി; വി.ഡി. സതീശന് വേറൊരു ശൈലി. ചിലപ്പോൾ രണ്ടും ചേർന്ന് അയാൾ തന്നെയോ ഇയാൾ എന്ന സന്ദേഹമുണ്ടാകുന്നത് ശൈലിയിലെ സമാനത നിമിത്തമാണ്. അനുകരണം നിമിത്തമല്ല. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തന്നെയാണ് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ ഏകാധിപതിയെന്ന ആക്ഷേപമുന്നയിച്ചത്. സമയമുണ്ടെങ്കിൽ സാവകാശം കാത്തിരിക്കാം. അതിനു കഴിയാത്ത രീതിയിൽ 2029 പ്രൊക്രൂസ്റ്റസിന്റെ വർഷമാകാൻ സാധ്യതയുള്ളതിനാൽ മധുവിധുവിന് സാധാരണ അനുവദിക്കുന്ന കാലം ഇപ്പോൾ അനുവദിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കെ.സി. വേണുഗോപാലും അടൂർ പ്രകാശും മാത്രമല്ല, എല്ലാ നേതാക്കളും ഗിയർ മാറ്റിക്കൊണ്ടിരിക്കുന്നു. അതിനിടയിൽ ശൈലി മാറ്റാൻ പോയാൽ മുഖംതന്നെ നഷ്ടപ്പെടുമെന്ന് സതീശനറിയാം.

ജനാധിപത്യ പാർട്ടിയെന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയും ജനാധിപത്യ പാർട്ടിയാണ്. പക്ഷേ, അത് കാഡർ പാർട്ടി കൂടിയാണ്. കോൺഗ്രസ്സിനെ സെമി കാഡർ പാർട്ടിയാക്കുന്നതിനുള്ള താല്പര്യം കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ കെ. സുധാകരനുണ്ടായിരുന്നു. ചാനൽ വക്താക്കൾ കോൺഗ്രസ്സിന്റെ ജനാധിപത്യത്തെ ഉൾപ്പാർട്ടി ജനാധിപത്യമെന്നു വിശേഷിപ്പിക്കും. എന്താണ് അതിന്റെ അർത്ഥമെന്നറിയില്ല. ഗ്രൂപ്പ് വൈരം മൂക്കുമ്പോൾ കെട്ടഴിഞ്ഞ തെരപ്പത്തിലെ ഒറ്റപ്പെടുന്ന മുളകൾപോലെ കോൺഗ്രസ് ഗ്രൂപ്പുകൾ ജലോപരിതലത്തിൽ ലക്ഷ്യമില്ലാതേയും കടവുകാണാതേയും ഒഴുകിനടക്കും. തെരഞ്ഞെടുപ്പ് ആഗതമാകുമ്പോൾ കാറ്റും ഒഴുക്കും അനുകൂലമായാൽ ഒഴുകിനടക്കുന്നവയെ ആരെങ്കിലും തടുത്ത് താല്‍ക്കാലികമായി കൂട്ടിക്കെട്ടിക്കൂടെന്നില്ല.

കമ്യൂണിസ്റ്റ് ഗവൺമെന്റിനെ വീഴ്‌ത്താൻ കോൺഗ്രസ്സുകാർ വരണം. കോൺഗ്രസ് ഗവൺമെന്റിനെ വീഴ്‌ത്താൻ കോൺഗ്രസ്സുകാർ മതി. തിരുവിതാംകൂറിൽ പട്ടത്തിന്റെ കോൺഗ്രസ് മന്ത്രിസഭയെ വീഴ്‌ത്തിയത് പാർട്ടി പ്രസിഡന്റായ കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു. തിരുവിതാംകൂറും തിരു-കൊച്ചിയും പിന്നെ കേരളവും മന്ത്രിസഭകൾ വാഴാത്ത, രാഷ്ട്രീയമായ അസ്ഥിരതയ്ക്ക് പേരുകേട്ട ഇടമായി. അഞ്ചു വർഷം പൂർത്തിയാക്കിയ മന്ത്രിസഭകൾ ചരിത്രത്തിലെ അപൂർവതയായി. ആ അപൂർവതകളിലെ അത്ഭുതമായി പത്ത് വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. പതനത്തിനു മുന്നോടിയായി ഇടിമുഴക്കം ഉണ്ടാകണമെന്നില്ല. പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞത് മിന്നലേറ്റാണ്. ഒരു മിന്നലിനുള്ള പൊരി എല്ലാവരുടേയും കയ്യിലുണ്ടാകും. മൃദുവായ മർമരംപോലും രാഷ്ട്രീയമായി കൊടുങ്കാറ്റായിത്തീരാം. അനായാസം മുഖ്യമന്ത്രിയായവരാണ് കെ. കരുണാകരനും എ.കെ. ആന്റണിയും. ആകാനല്ല നിലനിർത്താനാണ് പാടെന്ന് ഇരുവർക്കും മനസ്സിലായി.

ഒന്നും അറിയുന്നില്ലെന്ന് യു.ഡി.എഫ് കൺവീനർ മാധ്യമപ്രവർത്തകരോടു പറഞ്ഞത് അത്ര ശുഭസൂചകമല്ല. കണ്ടക്ടർ അറിയാതെ ബസ് ഓടുന്നതുപോലെയാണത്. ബസ് ഓടിക്കുന്നതും ഓടിക്കേണ്ടതും ഡ്രൈവറാണ്. ആ സീറ്റിൽ ഒരാൾ മതി. പക്ഷേ, ഓടുന്നത് എങ്ങോട്ടെന്ന് കണ്ടക്ടർ അറിഞ്ഞിരിക്കണം. യാത്രക്കാർക്ക് ടിക്കറ്റ് വേണ്ടാതായ കാലത്ത് കണ്ടക്ടർക്ക് ടിക്കറ്റെഴുതുന്ന ഡ്രൈവർ പ്രശ്‌നമായിരിക്കുന്നു. ഒന്നും അറിയുന്നില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞത് എല്ലാം അറിയുന്നതിനുവേണ്ടിയല്ല. എം.കെ. മുനീറിനെ ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാനാക്കിയത് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഭരണം പരിഷ്‌കൃതമായിരിക്കണമെന്ന് പ്രകാശിന് ഒരു നിർബന്ധവും ഉണ്ടാവില്ല. പക്ഷേ, സതീശന്റെ മദ്യനയം ലിജുവിന്റെ കാർമികത്വത്തിൽ അണിയറയിൽ രൂപംകൊള്ളുമ്പോൾ പ്രമുഖ അബ്കാരിയായ കൺവീനർ ഒന്നും അറിയുന്നില്ലെന്ന് വരുന്നതിൽ പ്രശ്‌നങ്ങളുണ്ട്. സതീശനെതിരെ കുറ്റപത്രവുമായി കൺവീനർ ഡൽഹിയിലെത്തുമ്പോൾ കൈപ്പറ്റ് രശീതുമായി ജനറൽ സെക്രട്ടറി അവിടെ കാത്തുനിൽക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ മധുവില്ലാത്ത വിധുകാലമായിരിക്കുന്നു സതീശന്റെ കാലം. തലയിൽ നിലാവ് കയറുന്ന കാലമാണ് വിധുകാലം. നിലാവത്ത് കൂട് വിട്ടിറങ്ങുന്നത് കോഴികൾ മാത്രമല്ല. സിദ്ധാന്തങ്ങളുമായി മന്ത്രിമാരും നിലാവും വെയിലും തിരിച്ചറിയാതെ വെളിച്ചം കാണുന്നിടത്ത് ഓടിനടക്കുന്നുണ്ട്.

പ്രകാശിനെയെന്നല്ല ആരെയും ഒന്നും അറിയിക്കുന്നതിൽ താല്പര്യമില്ലാത്ത ആളാണ് സതീശൻ. മാധ്യമപ്രവർത്തകർക്കാണെങ്കിൽ എല്ലാം അറിയുകയും വേണം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കുട്ടനാട്ടിലെ മുരിക്കനെപ്പോലെ മതിയാവോളം കൊടുക്കുന്ന ശീലമായിരുന്നു സതീശന്റേത്. വല്ലതുമുണ്ടെങ്കിൽ വിളിച്ചുതരാമെന്നാണ് ഇപ്പാൾ മുഖ്യമന്ത്രി സതീശന്റെ നയം. ഈ നയപ്രഖ്യാപനത്തോടെ മധുവിധു അവസാനിച്ചു. മാധ്യമപ്രവർത്തകരെ കാണുന്നതിലല്ല വിഷമം. അവരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങൾ അലോസരത്തിനു കാരണമാകുന്നു. മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും പല രഹസ്യങ്ങളുമുണ്ടാകും. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന പ്രതിജ്ഞയോടെയാണ് എല്ലാവരും മന്ത്രിമാരായത്. വാർത്തയുടെ സോഴ്‌സിനെ സംബന്ധിക്കുന്ന സൂചനകൾ രഹസ്യമായി സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ മാധ്യമപ്രവർത്തകർ മറ്റാർക്കും രഹസ്യം പാടില്ലെന്ന ശാഠ്യത്തിലാണ്. വീണേടം വിഷ്‌ണുലോകം എന്നു പറയുമ്പോലെ മന്ത്രിയിരിക്കുന്ന വാഹനം മന്ത്രിവാഹനം എന്ന തിയറി കെ.എം. ഷാജി കൊണ്ടുവന്നു. അത് സുഹൃത്തിന്റെ ഓട്ടമില്ലാത്ത ആഡംബര കാറാകാം. ഓടാത്ത സ്റ്റേറ്റ് കാറാകാം. ഓടുന്ന ഓട്ടോറിക്ഷയാകാം. അവിടെ ഉടമ ആരെന്ന ചോദ്യം ഉദിക്കുന്നില്ല. ഒരു ഷോർട്ട് ട്രിപ്പിന് മുഖ്യമന്ത്രിക്കുവേണ്ടി 20 ലക്ഷം രൂപ ചെലവാക്കിയ അജ്ഞാതനെക്കുറിച്ചും ചോദ്യം വേണ്ട. ആവരണമിട്ടു കിടക്കുന്ന സ്‌പോൺസർഷിപ്പുകൾക്കിടയിൽ സ്‌പോൺസറില്ലാതെ അനാഥരായി കഴിയുന്നവരാണ് നമ്മൾ കേരളീയർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates