മയിലേറി വിളൈയാടി വാ

സുബീഷ് തെക്കൂട്ട് എഴുതിയ കവിത

Premium
Malayalam poem,  Subeesh Tekkoot,Samkalika malayalam
മയിലേറി വിളൈയാടി വാ| Malayalam poem Subeesh Tekkoot ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക, സമകാലിക മലയാളം
Edited by :SALIL C S
Last Updated :10 ഡിസംബർ 2025, 8:44 am IST

പാട്ടി1 മരിച്ചന്ന് രാത്രി

നാട്ടിലെത്താൻ തിടുക്കം

പാരം വിശന്നും തളർന്നും

പാതിരാവണ്ടിയിൽ

തൂങ്ങിപ്പിടിച്ചുറക്കം

വേച്ചുവീഴുന്നിടയ്ക്ക്

പിടിക്കുന്നു പാട്ടി

ചൊല്ലുന്നു കാതിൽ

പാത്ത് പോകടാ കണ്ണാ

സ്കൂള് പൂട്ടുന്ന മാർച്ച് മാസത്തി-

ലോടിയെത്തുന്ന വീട്

വാണിയംകുളം വളവ് പിന്നിട്ടാൽ

മാരിയമ്മൻ തെരുവ്

മയിൽവാഹനത്തിന് സ്റ്റോപ്പ്

കോലമെഴുതുന്ന മുറ്റം

തൊടി നീളെ കനകാംബരം

പൂവിറുത്തും മാലകോർത്തും

ഞങ്ങളന്നഞ്ചുപേർ

കല്പന, കനകവേൽ, മുത്തുരാമൻ, പളനിയപ്പൻ പിന്നെ ഞാനും

വീട്ടുവാസലിൽ വിളയാട്ട്

തീർന്നാൽ കുളി,

പുഴയിലേക്കോട്ടം

പായും തീവണ്ടികൾ

പാളം മുറിച്ച് കടക്കണം

പാട്ടി പറയും:

പാത്ത് പോകടാ കണ്ണാ

തെരുവിലന്ന് തിരുവിഴ

മാരിയമ്മന്

മഞ്ചൾ നീരാട്ട്

കുംഭം ചുമന്ന്

കാർത്തികൈ പൊങ്കൽ പിറ

തേരുരുട്ടാൻ തിരക്ക്

വീണു റോഡിൽ,

തോലുരഞ്ഞ്,

ചോരവാർന്ന്

വീട്ടിലേക്ക്

കടുക് പൊട്ടിച്ചുഴിഞ്ഞിട്ട്

കട്ടിലിൽ പാട്ടി

“യാര് കണ്ണ് വെച്ച്‌തെൻ കണ്ണനെ”

ഉണ്ണാതുറങ്ങാതെ

ചെമ്പട്ടുടുത്ത്

മാരിയമ്മൻ

പാട്ടി പാടി:

മാരിക്കൊളുന്തേ

മാർകഴിത്തിങ്കളേ

തൂങ്കടാ തൂങ്ക്

നേരം പുലർന്നുവോ,

നാട്ടിലെത്തിയോ?

കോവിലിൽ പാട്ട്

“മയിലേറി വിളൈയാടി വാ”,

“മയിൽമീത് വിറൈന്തോടിവാ

വള്ളിമണവാളായെനൈ കാക്കവാ”2

വീട്ടിലേയ്ക്ക് തിരിയുന്നിടത്ത്

കാത്തുനിൽപ്പുണ്ട് പാട്ടി

കൈ പിടിക്കുന്നു

പശിയ്ക്കിതാ കണ്ണാ?

മുറിയിൽ വെളിച്ചം

പൊങ്കൽ മണം,

തൈര് കൊണ്ടാട്ടം

അരികിലടച്ച പാത്രം

മൂടി തുറന്നതും

മുറിയാകെ പരന്ന് തൂവി

മല്ലിയില പോട്ട രസം

---

1 മുത്തശ്ശിയെ തമിഴിൽ വിളിക്കുന്ന പേര്

2 മുരുകനെ സ്തുതിച്ചുകൊണ്ടുള്ള തമിഴ് ഭക്തിഗാനങ്ങൾ

News Now

Summary

Malayalam poem written by subish thekkoot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates