


വാതം,
പിത്തം,
കഫം
ദോഷമുണ്ട്.
ആസകലം വേദനയുണ്ടായപ്പോൾ
അവൾക്ക്
ആമവാതമുണ്ടോ
എന്ന് സംശയിച്ച്,
ടെസ്റ്റുകൾ പലതും ചെയ്തിരുന്നു.
വകയിലൊരാന്റിക്ക്
പണ്ട് ആമവാതം വന്നതും
ചുമരിന്മേൽ പിടിച്ചുനടന്നിരുന്നതും
അവളെ
വല്ലാതെ
ഭയപ്പെടുത്തിയിരുന്നു.
പിത്തം പിടിച്ച ഒരമ്മൂമ്മ
പച്ചരി വായിലിട്ട് ചവച്ചുകൊണ്ടിരുന്നതും ഓർക്കുന്നു.
അതുപോലെ
വിളറിയിരുന്ന
ഈ മുഖം കണ്ടിട്ടാവണം കൺപോള വിടർത്തിനോക്കി, അവളെ
പിത്തക്കാടിയെന്ന്
വീട്ടിലുള്ളവർ
വിളിച്ചത്.
കഫത്തിന്റെ ശല്യം
ഒഴിവാക്കാനായി
അഗസ്ത്യരസായനം
നിത്യം കഴിച്ച്
നാവ്
കറുത്തിരുന്നതു കണ്ട്
കരിനാക്കാണ്,
അയ്യോ,
ഒന്നും പറഞ്ഞേക്കല്ലേയെന്ന്
കൂട്ടുകാർ പരിഭവിച്ചിരുന്നത്.
അടുത്തത്,
ദർശനം,
ശ്രവണം,
സ്പർശനം.
അറിവുകൾ.
കാഴ്ചകൊണ്ട് അളന്നതിനാലാവണം
അവളൊരു
മനുഷ്യനാണെന്ന്
ആരും
തിരിച്ചറിഞ്ഞില്ല.
കേൾവി,
കാഴ്ചയെക്കാൾ
വാക്കിനെ അറിഞ്ഞറിഞ്ഞ് പലതും
ശബ്ദത്തിലൂടെ
ഉള്ളിലെത്തി എന്നറിയാം.
എന്നിട്ടും വലിയകാര്യമൊന്നുമുണ്ടായില്ല.
കാട്ടിലെ ശബ്ദങ്ങൾ സാന്നിധ്യമറിയിക്കുമ്പോലെ മാത്രം
ഇപ്പോൾ
അവൾ അവളെയറിയുന്നുണ്ടാവണം.
എന്നാൽ,
നെറുകയിൽ,
നെറ്റിയിൽ,
വിരൽത്തുമ്പുകൊണ്ട്,
അതുമല്ലെങ്കിൽ
തോളത്ത്,
അരക്കെട്ടിൽ,
ചേർത്തു ചുറ്റിക്കൊണ്ട്,
കൈകൾ വിടർത്തി,
കണ്ണുകളടച്ച്,
പൂണ്ടടക്കം,
ഒരൊറ്റത്തവണ.
അതുമാത്രം മതി.
ഒരു ഹഗ്,
ആ വാക്കിലെ
ചെറിയ രണ്ടക്ഷരങ്ങൾ
തരുന്നത്,
ഒറ്റയ്ക്കല്ല,
വിഷമിക്കേണ്ട,
ഭയപ്പെടണ്ട,
ജീവിക്കണം,
വേദന കുറവുണ്ടോ,
എന്നും വേണമെനിക്ക്,
സാരമില്ല,
എല്ലാം ശരിയാകും,
അറിയാതെ പറ്റിപ്പോയതാ,
ഇനി ചെയ്യില്ല,
എനിക്കറിയാം നിന്നെ,
നീയാണെനിക്കെല്ലാമെല്ലാം...
ഇതൊക്കെയല്ലേ!
അതേ, ശരിതന്നെ!
പക്ഷേ,
യാതൊന്നും
എപ്പോഴെങ്കിലും കിട്ടിയാൽപോരാ,
ആരെങ്കിലും
തന്നാൽ പോരാ,
നീ തന്നെ വേണം.
ഇതാ ഇപ്പോൾത്തന്നെ വേണം.
നാളെ
അവൾ
ഇല്ലാതാകുംമുന്‍പ്
നീ ഇല്ലാതാകരുതല്ലോ!
അതിന്
ദോഷങ്ങൾ
അറിവുകൾ
ഇല്ലാതാകണം
നീ അല്ലാതാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


