വിമീഷ് മണിയൂര്‍ എഴുതിയ കവിത ചില്ലത്തരം

Premium
Illustration
ചിത്രീകരണംSource by : സചീന്ദ്രന്‍ കാറഡുക്ക
Last Updated :7 October 2026, 12:41 pm IST

News Now

പാലം കടന്ന്

മൂന്നാം മുക്കിൽ

റോഡിനോട് ചേർന്നുള്ള

കശുമാവിലെ

പന്ത്രണ്ടാം നമ്പർ ചില്ലയ്ക്ക്

ആശങ്ക പൂത്തു

വിരിഞ്ഞുവന്നപ്പോൾ

കശുവണ്ടി ആദ്യവും

ശേഷം അതിന്റെ മാങ്ങയും

ചെയ്തു വന്നപ്പോൾ

തലതിരിഞ്ഞുപോയതോർത്ത്

വേഗത്തിൽ രാത്രി വരണമേയെന്നും

രാത്രിയിൽ കൊടുങ്കാറ്റടിക്കണമേയെന്നും

അത് പ്രാർത്ഥിച്ചു

കശുമാവ് ഇതറിഞ്ഞാലുള്ള

ഗുരുതരാവസ്ഥ

ആലോചിക്കുന്തോറും

ചില്ലയ്ക്ക് ഉള്ളിൽ കുത്തലെടുത്തു

പൂത്ത സമയത്ത് തന്നെ

വിരിയാനുള്ളതിനോടും

വിരിയുന്നതിന് മുമ്പെ

കൊഴിയാനുള്ളതിനോടും

എല്ലാ നിയമവശങ്ങളും

ആചാരപ്രകാരം

തത്ത പറയുന്നതുപോലെ

പറഞ്ഞുകൊടുത്തതാണ്

എന്നിട്ടും എന്തിനാണിങ്ങനെ

പറയിപ്പിക്കുന്നതെന്ന്

അതിനു മനസ്സിലായില്ല

വൈകുന്നേരത്തെ

ബാങ്കുവിളി കേട്ടപ്പം

അതിനല്പം ആശ്വാസമായി

ഈ നേരംവരെ ഒരുത്തനും കണ്ടിട്ടില്ല

വാഹനങ്ങളുടെ ഒരുനിര കണ്ടപ്പോൾ

ഏതെങ്കിലുമൊരുത്തൻ പറന്ന് വന്ന്

തന്റെ നടുപ്പുറത്ത് കുത്തിയെങ്കിൽ

എന്ന് അതാഗ്രഹിച്ചു

വാഹനങ്ങളുടെ അനുസരണയിൽ

മനുഷ്യർ എത്ര മാറിപ്പോയെന്ന്

അത് ആധിപൂണ്ടു

രാത്രി ഒരിലയും അനങ്ങിയില്ല

ഒരോന്നാലോചിച്ച്

ചില്ല വിയർത്തുകുളിച്ചു

നിലാവിൽ അണ്ടിക്കുതാഴെ

തൂങ്ങിനിൽക്കുന്ന കശുമാങ്ങയെ

ശപിച്ചുനോക്കിയാലോ

എന്നതിനു തോന്നി

പരിചയമുള്ള ഏതെങ്കിലും

വവ്വാലുകളെ കണ്ടിരുന്നെങ്കിൽ

കാര്യം പറയാമായിരുന്നെന്ന്

അതാശ്വസിച്ചു

പുലരുന്നതിനു വരെ

മഷിയിടാൻപോലും

ഒരെണ്ണം തിരിഞ്ഞുനോക്കിയില്ല

വരുന്ന പകലിൽ

സൂര്യനും ഭൂമിക്കുമിടയിൽ

ഏതെങ്കിലും വാൽനക്ഷത്രം വന്നുനിന്ന്

വെളിച്ചം മുഴുവൻ ബ്ലോക്കാവണേ എന്ന്

ഉള്ളുരുകിയതും ഒരു കാറ്റടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates